അക്കാദമിക്ക് വേണ്ടപ്പെട്ടവരുടെ സിനിമകള്‍ തെരഞ്ഞെടുക്കുകയും വേണ്ടാത്ത സിനിമകള്‍ നിരസിക്കുകയും ചെയ്യുന്നു; കുഞ്ഞിലക്ക് പിന്തുണയുമായി പ്രതാപ് ജോസഫ്
Kerala News
അക്കാദമിക്ക് വേണ്ടപ്പെട്ടവരുടെ സിനിമകള്‍ തെരഞ്ഞെടുക്കുകയും വേണ്ടാത്ത സിനിമകള്‍ നിരസിക്കുകയും ചെയ്യുന്നു; കുഞ്ഞിലക്ക് പിന്തുണയുമായി പ്രതാപ് ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 10:54 pm

കോഴിക്കോട്: അസംഘടിതര്‍ സിനിമ അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി സംവിധായകന്‍ പ്രതാപ് ജോസഫ്. ഒരു വനിതാ ചലച്ചിത്രമേള നടക്കുമ്പോള്‍ എന്തുകൊണ്ടാണ് തന്റെ സിനിമ ഇതില്‍ കാണിക്കാത്തത് എന്നതിനുള്ള വിശദീകരണമാണ് കുഞ്ഞില ചോദിച്ചതെന്ന് പ്രതാപ് ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമുണ്ടാവണമെന്ന് മൂന്ന് വര്‍ഷമായി ഉന്നിയിക്കുന്ന ആവശ്യമാണെന്നും എന്നാല്‍ ഇതുവരെ ഇതിനൊരു വ്യക്തത വരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കുഞ്ഞിലയുടെ അസംഘടിതര്‍ എന്ന സിനിമ എന്തുകൊണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയില്ല, അതിന് വിശദീകരണം വേണം എന്ന പോസ്റ്റ് ഇട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. രഞ്ജിത്തിന്റെ പേഴ്‌സണല്‍ നമ്പറിലേക്ക് ഇത് വാട്ട്‌സാപ്പ് ചെയ്തുവെന്നും അത് അദ്ദേഹം വായിക്കുകയും ചെയ്തുവെന്നുമാണ് കുഞ്ഞില പറയുന്നത്. മാത്രവുമല്ല, ഞാനും കുഞ്ഞിലയുമടക്കം രഞ്ജിത്തിനെ ടാഗ് ചെയ്തുകൊണ്ട് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒരു വനിതാ ചലച്ചിത്രമേള നടക്കുമ്പോള്‍ എന്തുകൊണ്ടാണ് കുഞ്ഞിലയുടെ സിനിമ ഇതില്‍ കാണിക്കാത്തത്. അതില്‍ വിശദീകരണം വേണമെന്നാണ് കുഞ്ഞില ചോദിച്ചിരിക്കുന്നത്. അല്ലാതെ എന്റെ സിനിമ എടുക്കണോ വേണ്ടയോ എന്നതല്ല.

മൂന്നാമത്തെ ചലച്ചിത്രമേളയാണ് ഇവിടെ നടക്കുന്നത്. ഇതിന് ഒരു മാനദണ്ഡമുണ്ടാവണം എന്നുള്ളത് മൂന്ന് ചലച്ചിത്രമേളകളിലും ഉയരുന്ന ആവശ്യമാണ്. പക്ഷേ ചലച്ചിത്ര അക്കാദമി മൂന്നാമത്തെ ഫെസ്റ്റിവിലായിട്ട് പോലും ഇതിനൊരു വ്യക്തത വരുത്തുന്നില്ല. കുറെ സിനിമകള്‍ അവര്‍ സെലക്റ്റ് ചെയ്യുന്നു. കുറെ സിനിമകള്‍ റിജക്റ്റ് ചെയ്യുന്നു. എന്തുകൊണ്ട് ഈ സിനിമകള്‍ റിജക്റ്റ് ചെയ്തു, എന്തുകൊണ്ട് ഈ സിനിമകള്‍ സെലക്റ്റ് ചെയ്തു എന്നതിന് അക്കാദമിക്ക് വിശദീകരണമില്ല. എന്നുവെച്ചാല്‍ അക്കാദമിക്ക് വേണ്ടപ്പെട്ടവരുടെ സിനിമകള്‍ സെലക്റ്റ് ചെയ്യുക, അവര്‍ക്ക് വേണ്ടാത്ത സിനിമകള്‍ റിജക്റ്റ് ചെയ്യുക എന്നുള്ളതാണ് മനസിലാക്കുന്ന കാര്യം.

അക്കാദമിയുമായി ബന്ധപ്പെട്ട ഒരാള്‍ വ്യക്തിപരമായി എന്നോട് പറഞ്ഞത് ഇത് ആന്തോളജി സിനിമയാണ് എന്നുള്ളതാണ്. പക്ഷേ വനിതാ ചലച്ചിത്രമേളയുടെ മുന്‍ എഡിഷനുകള്‍ പരിശോധിച്ചാല്‍ ആന്തോളജിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമകള്‍, കൃത്യമായി പറഞ്ഞാല്‍ ക്രോസ് റോഡ് എന്ന, പത്ത് സംവിധായകര്‍ ചേര്‍ന്ന് ചെയ്ത സിനിമയിലെ വനിത സംവിധാനം ചെയ്ത സിനിമകള്‍ ഇതേ ചലച്ചിത്ര മേളയില്‍ മുമ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ ഇത് ആന്തോളജി ആയതുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് എന്ന് പറയുന്നത് ഒരു രീതിയിലും റലവന്റ് അല്ല.

കുഞ്ഞിലയുടെ സിനിമ കേരളത്തില്‍ ഒരുപാട് പേര്‍ കണ്ടതാണ്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട വനിത സമരത്തെ അഡ്രസ് ചെയ്യുന്നതാണ്, കോഴിക്കോട് നടന്ന സമരം അഡ്രസ് ചെയ്തതാണ്. അങ്ങനെയൊരു സിനിമ കാണിക്കാതെ കോഴിക്കോട് എന്ത് ഫെസ്റ്റിവലാണ് ഇവര്‍ നടത്തുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്,’ പ്രതാപ് ജോസഫ് പറഞ്ഞു.

Content Highlight: Director Pratap Joseph supports director Kunjila Mascillamani