ഓസ്‌കാര്‍ പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചുവെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലിക്കെതിരെ പ്രതികരിച്ച് മറ്റൊരു സംവിധായകന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിതായി എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് കുമാറാണ് രാജമൗലിയെ വിമര്‍ശിച്ചത്.
‘മറ്റെന്തിനേക്കാള്‍ മൗലികമായ കലാസൃഷ്ടിയാണ് പാരസൈറ്റ്. മൗലികത കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നു, പ്രത്യേകിച്ച് ഭാഷാ തടസങ്ങളില്ലാതെ അത് ശക്തമാണ്. മറ്റേത് വിദേശ ചിത്രങ്ങളേക്കാളും മികച്ച രീതിയിലാണ് പാരസൈറ്റ്. മൗലികതയെ കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ നിരവധി ചിത്രങ്ങളിലെ സന്ദര്‍ഭങ്ങളിലേക്ക് വരാം. സൈ എന്ന ചിത്രം തന്നെ ഉദാഹരണമായി എടുക്കാം, നിങ്ങള്‍ മറ്റ് സിനിമകളില്‍ നിന്ന് മൊത്തം സീനുകള്‍ അടക്കം കോപ്പിയടിച്ചു. അതും ഒരു വാക്ക് പോലും സൂചിപ്പിക്കാതെ. മറ്റൊരു സംവിധായകരും അതിനെ കുറിച്ച് പറഞ്ഞ് വന്നത് ഞാന്‍ കേട്ടിട്ടില്ല. അതിന് കാരണം പരസ്പര ബഹുമാനം ഉള്ളതുകൊണ്ടാണ്. ഒരു സിനിമ കാണണമെങ്കില്‍ പ്രത്യേക അവസ്ഥയും മാനസിക താല്‍പര്യവും വേണമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ പാരസൈറ്റ് പോലുള്ള ചിത്രങ്ങള്‍ കാണാനുള്ള മാനസികാവസ്ഥ താങ്കള്‍ക്ക ഉണ്ടായിട്ടുണ്ടാവില്ല’, എന്നായിരുന്നു പ്രശാന്ത് കുമാറിന്റെ പ്രതികരണം.