Advertisement
Kerala
എന്റെ ജാതിയും മതവും പറഞ്ഞ് എന്നെ മതഭ്രാന്തനെന്ന് വിളിച്ച് ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുന്നുണ്ട്; കമലിനെതിരെ മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 21, 08:05 am
Thursday, 21st January 2021, 1:35 pm

കൊച്ചി: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. തന്റെ ജാതിയും മതവും പറഞ്ഞുകൊണ്ട് തന്നെ മതഭ്രാന്തനെന്ന് വിളിച്ച് ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിട്ട് ഇരിക്കുന്നുണ്ടെന്നായിരുന്നു മേജര്‍ രവി പറഞ്ഞത്.

‘എന്റെ ജാതിയും മതവും പറഞ്ഞുകൊണ്ട് ഞാന്‍ മതഭ്രാന്തനാണ് എന്നൊക്കെ പറഞ്ഞ് എന്നെ തെറിവിളിച്ച് ഇവിടെ ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിട്ട് ഇരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ഇവരൊക്കെ ഇത് ചെയ്യുന്നത്. അല്ലാതെ ഇവര്‍ക്കൊന്നും രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകളൊന്നും ഇല്ല’, മേജര്‍ രവി പറഞ്ഞു. എന്തെങ്കിലുമൊക്കെ കിട്ടാന്‍ വേണ്ടിയിട്ടുള്ള ആ രാഷ്ട്രീയം തനിക്ക് വേണ്ടെന്നും മേജര്‍ രവി ട്വന്റി ഫോറിനോട് പ്രതികരിച്ചു.

തൃപ്പൂണിത്തുറയിലോ മറ്റ് ഏതെങ്കിലുമൊരു മണ്ഡലത്തിലോ താങ്കള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്താണ് ഇതില്‍ പറയാനുള്ളത് എന്ന ചോദ്യത്തിന് അഞ്ച് കൊല്ലം മുന്‍പും ഇതേ വാര്‍ത്ത വന്നിരുന്നെന്നായിരുന്നു മേജര്‍ രവി പറഞ്ഞത്.

അന്ന് കുമ്മനം രാജേട്ടനായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്. അന്ന് അദ്ദേഹം എന്നോട് തൃപ്പൂണിത്തുറ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നൊക്കെ ഞാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കാരണം ഒരു രാഷ്ട്രീയക്കാരനായി എന്നെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയക്കാരനാകണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍.

കഴിഞ്ഞ തവണ ഞാന്‍ ബി.ജെ.പിക്ക് വേണ്ടി ചുരുങ്ങിയത് 30 മണ്ഡലങ്ങളില്‍ പോയി പ്രസംഗിച്ചിട്ടുണ്ട്. എന്നെ വിളിച്ചിടത്തെല്ലാം ഞാന്‍ പോയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കള്‍ മത്സരിച്ചിടത്തെല്ലാം. പക്ഷേ അതില്‍ നിന്ന് ഞാന്‍ ഒരു പാഠം പഠിച്ചു. രാഷ്ട്രീയക്കാരനായ ഒരുത്തനേയും നിങ്ങള്‍ കണ്ണടച്ചുവിശ്വസിക്കരുതെന്ന്.

ഇങ്ങനെ പോയിട്ട് തിരിച്ച് ഇലക്ഷന്‍ കഴിഞ്ഞിട്ട് ഇവരുടെ ഒരു കടമയുണ്ട്. അറ്റ് ലീസ്റ്റ് നമ്മള്‍ കൊടുത്ത സപ്പോര്‍ട്ടിന് ഒരു നന്ദി, അത് തോറ്റാലും ജയിച്ചാലും. ഈ താങ്ക്‌സ് എന്ന വാക്ക് നമ്മള്‍ മനസുകൊണ്ട് ഒരു കൃതജ്ഞത അറിയിക്കുകയാണ്. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികളില്‍ ഒരുത്തന്‍ പോലും എന്നെ വിളിച്ചിട്ടില്ല.

ഇവിടെ നേതാക്കള്‍ എന്ന് പറഞ്ഞ് നടക്കുന്ന 90 ശതാനം പേരേയും എനിക്ക് വിശ്വാസമില്ല. എനിക്ക് എന്ത് കിട്ടും എന്ന് ചോദിക്കുന്ന നേതാവിനെ എനിക്കറിയാം. അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇത്തവണ ഞാന്‍ സ്ഥാനാര്‍ത്ഥികളെ മാത്രമേ നോക്കൂ. അവര്‍ക്ക് ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റുമെന്ന് മാത്രമേ നോക്കൂ.

ഇത്തവണ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് കേരളത്തിലെ നേതാക്കള്‍ പറഞ്ഞാലൊന്നും താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും ഇവിടുത്തെ നേതാക്കളെയൊന്നും താന്‍ മാനിക്കുന്നില്ലെന്നുമായിരുന്നു മേജര്‍ രവി മറുപടി നല്‍കിയത്. ജനങ്ങള്‍ നിങ്ങളെ ആദ്യം സ്വീകരിക്കട്ടെ. ജനങ്ങളില്‍ നിന്ന് പിന്തുണ കിട്ടുന്ന നേതാക്കള്‍ ഇന്ന് ബി.ജെ.പിയില്‍ ഇല്ലെന്നും മേജര്‍ രവി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Major Ravi Criticise Director Kamal