പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; കണ്‍സഷന്‍ പരാമര്‍ശത്തില്‍ മന്ത്രിയോട് ജൂഡ് ആന്റണി
Kerala News
പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; കണ്‍സഷന്‍ പരാമര്‍ശത്തില്‍ മന്ത്രിയോട് ജൂഡ് ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 7:59 pm

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചെലവാക്കുമ്പോള്‍ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല.

കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്,’ ജൂഡ് പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാത്ത രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ച് രൂപ കൊടുത്താല്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു.

10 വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും കെ.എസ്.യുവും രംഗത്ത് വന്നിരുന്നു.

കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും മന്ത്രിയുടെ പ്രസ്താവന അപക്വമാണെന്നും എസ്.എഫ്.ഐ പ്രസ്താവിച്ചിരുന്നു.

കണ്‍സഷന്‍ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് യാത്രാ സൗജന്യം വാങ്ങി യാത്ര ചെയ്യുന്നതില്‍ ഏതു വിദ്യാര്‍ത്ഥിക്കാണ് അപമാനമെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടിരുന്നു.