Entertainment
ദേവാസുരത്തിന്റെ കഥ പറയാന്‍ ഞാനും രഞ്ജിത്തും കൂടി മമ്മൂട്ടിയുടെ അടുത്ത് പോയി, പക്ഷേ....: സംവിധായകന്‍ ഹരിദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 30, 10:14 am
Monday, 30th September 2024, 3:44 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ഹരിദാസ്. ഓര്‍ക്കാപ്പുറത്ത്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നീ ചിത്രങ്ങളുടെ സഹായിയായ ഹരിദാസ്, ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. പിന്നീട് മാറാത്ത നാട്, മാജിക് ലാംപ് എന്നീ ചിത്രങ്ങള്‍ കൂടി ഹരിദാസ് സംവിധാനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ സഹായിയായിരുന്നു ഹരിദാസ്.

ദേവാസുരം എന്ന സിനിമ ആദ്യം ചെയ്യാനിരുന്നത് താനായിരുന്നെന്ന് ഹരിദാസ് പറഞ്ഞു. ധ്രുവത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് താനും രഞ്ജിത്തും കൂടി മമ്മൂട്ടിയോട് ദേവാസുരത്തിന്റെ കഥ പറയാന്‍ ചെന്നെന്നും എന്നാല്‍ ആ സമയത്ത് മമ്മൂട്ടി ഷൂട്ടിന്റെ തിരക്കിലായിരുന്നെന്ന് ഹരിദാസ് കൂട്ടിച്ചേര്‍ത്തു. അന്നത്തെ ഷൂട്ട് വിചാരിച്ചതിലും കൂടുതല്‍ സമയം നീണ്ടുനിന്നെന്നും താനും രഞ്ജിത്തും ഒരുപാട് നേരം മമ്മൂട്ടിയെ കാണാന്‍ കാത്തിരുന്നെന്നും ഹരിദാസ് പറഞ്ഞു.

അന്നത്തെ ദിവസം കഥ കേള്‍ക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചില്ലെന്നും വേറൊരു ദിവസം വരാന്‍ പറഞ്ഞെന്നും ഹിരദാസ് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി വീണ്ടും തിരക്കിലായെന്നും ആ കഥ മമ്മൂട്ടിയോട് പറയാന്‍ സാധിച്ചില്ലെന്നും ഹരിദാസ് കൂട്ടിച്ചേര്‍ത്തു. പിന്നീട് രഞ്ജിത് ഐ.വി. ശശിയുമായി ചേര്‍ന്ന് ദേവാസുരം ചെയ്‌തെന്നും തനിക്ക് മമ്മൂട്ടി വേറൊരു സിനിമക്ക് ഡേറ്റ് തന്നെന്നും ഹരിദാസ് പറഞ്ഞു. ആ സിനിമയും നടക്കാതെ പോയെന്നും ഹരിദാസ് കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവാസുരം ഞാന്‍ സംവിധാനം ചെയ്യേണ്ട പ്രൊജക്ടായിരുന്നു. രഞ്ജിത് എന്നോട് കഥ പറഞ്ഞപ്പോള്‍ എന്റെ മനസില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഞങ്ങള്‍ രണ്ടുപേരും മമ്മൂട്ടിയെ കാണാന്‍ ചെന്നു. അന്ന് അദ്ദേഹം ധ്രുവം എന്ന സിനിമയുടെ ഷൂട്ടിലായിരുന്നു. ആ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ‘ഷൂട്ട് ഉണ്ട്, നിങ്ങള്‍ വെയിറ്റ് ചെയ്യ്’ എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ കാത്തിരുന്നു.

പക്ഷേ അന്ന് ഷൂട്ട് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തു. വേറൊരു ദിവസം വരാന്‍ ഞങ്ങളോട് മമ്മൂട്ടി പറഞ്ഞു. പിന്നീട് പുള്ളിയുടെ ഭാഗത്ത് നിന്ന് യാതൊരു റെസ്‌പോണ്‍സും വന്നില്ല. രഞ്ജിത് പിന്നീട് ആ കഥ ഐ.വി. ശശിയുമായി ചേര്‍ന്ന് ചെയ്തു. പക്ഷേ മമ്മൂട്ടി എനിക്ക് വേറൊരു സിനിമക്ക് ഡേറ്റ് തന്നിരുന്നു. പുള്ളിക്ക് പറ്റിയ കഥ കിട്ടാത്തതുകൊണ്ട് ആ സിനിമയും നടന്നില്ല,’ ഹരിദാസ് പറഞ്ഞു.

Content Highlight: Director Haridas saying that Devasuram was initially planned for Mammootty