മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. നാല് പതിറ്റാണ്ടിനോടടുത്ത് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയില്‍ ബറോസ് ആദ്യം മുതലെ ചര്‍ച്ചാ വിഷയമാണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രം ഡിസംബര്‍ 25ന് റിലീസാകും.
ബാറോസിന്റെ റിലീസിങ് തീയതി മോഹന്‍ലാല്‍ തന്നെ വിളിച്ച് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടി എന്ന് പറയുകയാണ് സംവിധായകന്‍ ഫാസില്‍. ഞെട്ടാന്‍ കാരണം മോഹന്‍ലാലും ഡിസംബര്‍ 25 ഉം തമ്മിലുള്ള ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തൊന്‍പത് വയസുകാരനായ മോഹന്‍ലാലിലെ ഇന്ന് കാണുന്ന മോഹന്‍ലാലാക്കി മാറ്റിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണെന്നും ആ ചിത്രം ഇറങ്ങിയത് ഒരു ഡിസംബര്‍ 25 ന് ആണെന്നും ഫാസില്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ കരിയറില്‍ നാഴികക്കല്ലായ മണിച്ചിത്രത്താഴും റിലീസായത് ഡിസംബര്‍ 25 ന് ആണെന്നും ഇപ്പോള്‍ ബാറോസും ഇതേ തീയതിയിലാണ് പുറത്തിറങ്ങുന്നതെന്നും ഫാസില്‍ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്നേഹപൂര്‍വ്വം ചോദിച്ചു ബാറോസിന്റെ റിലീസിങ് തീയതി ഔദ്യോഗികമായി ഒന്ന് അനൗണ്‍സ് ചെയ്ത് തരുമോ എന്ന്. കൗതുകത്തില്‍ ഞാന്‍ ചോദിച്ചു എന്നാണ് റിലീസ്? മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞതോടുകൂടി വല്ലാതെ ഞാന്‍ അങ്ങ് വിസ്മയിച്ച് പോയി. എന്റെ തോന്നല്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും വിസ്മയിച്ചു പോയി. കുറേ നേരം മിണ്ടാട്ടമില്ല. അറിയാതെ ദൈവമെ എന്ന് വിളിച്ച് പോയി.
സംഗതി ഇതാണ്, അതായത് മോഹന്‍ലാല്‍ എന്ന പത്തൊന്‍പത് വയസുകാരനെ ഇന്നറിയുന്ന മോഹന്‍ലാലാക്കി മാറ്റിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായത് ഒരു ഡിസംബര്‍ 25ന് ആയിരുന്നു. 1980 ഡിസംബര്‍ 25. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബര്‍ 25ന് ആണ്. 1993 ഡിസംബര്‍ 25. മോഹന്‍ലാലിന്റെ ബാറോസ് റിലീസ് ആകുന്നതും ഒരു ഡിസംബര്‍ 25ന് ആണ്,’ഫാസില്‍ പറയുന്നു.
Content Highlight: Director Fazil Talks About The Connection Of Mohanlal With December 25