Nayattu Movie
നിങ്ങള്‍ പറഞ്ഞത് നായാട്ടിലെ രാഷ്ട്രീയം, ഞാന്‍ പറഞ്ഞത് മേക്കിംഗിനെക്കുറിച്ച്; സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ചുള്ള കമന്റിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 16, 06:03 am
Sunday, 16th May 2021, 11:33 am

കൊച്ചി: മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് സിനിമയുടെ മേക്കിംഗിനെ അഭിനന്ദിച്ചുള്ള പോസ്റ്റില്‍ സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ചുള്ള കമന്റിന് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മാരി സെല്‍വരാജിന്റെ കര്‍ണനും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും മേക്കിംഗ് കൊണ്ട് മികച്ച സിനിമയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് താഴെ കര്‍ണന്‍ ദളിതരെക്കുറിച്ചുള്ള സിനിമയാണെന്നും നായാട്ട് പൊലീസിനെക്കുറിച്ചുള്ള സിനിമയാണെന്നുമാണ് റിസ്‌വാന്‍ അഹമ്മദ് എന്നയാള്‍ കമന്റിട്ടത്. നായാട്ടില്‍ ബാലന്‍സിംഗിനായി പൊലീസുകാരെ ദളിതരായിട്ടാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ പറഞ്ഞത് സിനിമയുടെ മേക്കിംഗിനെക്കുറിച്ചാണെന്നും നിങ്ങള്‍ പറയുന്നത് സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചാണെന്നും അല്‍ഫോണ്‍സ് ഇതിന് മറുപടിയായി പറഞ്ഞു.

നായാട്ട് ഏറെ വാര്‍ത്താ പ്രാധാന്യം പിടിച്ച് പറ്റിയ ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്.

നായാട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Alphonse Puthren Nayattu Movie Politics Martin Prakkat Kunchako Boban