Movie Day
'മോനേ, ഒരു കുപ്പി വെള്ളം തരുമോ കുടിക്കാന്‍'; സംവിധായകന്റെ കസേരയില്‍ നിന്ന് ഓടിവന്ന് അഭിനയിച്ച് വീണ്ടും സംവിധായകനിലേക്ക്; ബറോസ് വിശേഷങ്ങളുമായി അനീഷ് ഉപാസന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 15, 06:29 am
Tuesday, 15th February 2022, 11:59 am

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിങ് കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിടുകയാണ്.

മോഹന്‍ലാലിന്റെ സ്വപ്‌ന സിനിമയായ ബറോസിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകനും ബറോസ് സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കൗമുദി മൂവീസിലാണ് അദ്ദേഹം ബറോസിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

നിധി കാക്കുന്ന ഭൂതമായി ക്യാമറയ്ക്ക് മുന്നിലും സംവിധായകനായി ക്യാമറയ്ക്ക് പിന്നിലുമുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം അത്ഭുതപ്പെടുത്തുകയാണെന്നാണ് അനീഷ് പറയുന്നത്.

മോഹന്‍ലാല്‍ എന്ന സംവിധായകനില്‍ നിന്നും പഠിക്കാന്‍ പലതുമുണ്ടെന്ന തോന്നലാണ് ഒപ്പമുള്ളവര്‍ക്ക്. ലാല്‍ സാര്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ടോ എന്ന അടക്കംപറച്ചില്‍ വരെ ഉണ്ടാവാറുണ്ട്.

അതിവൈകാരികത നിറഞ്ഞ ഡയലോഗ് പറയുകയാണ് മോഹന്‍ലാല്‍. അടുത്ത നിമിഷം കട്ട് പറഞ്ഞു. മോനേ, ഒരു കുപ്പി വെള്ളം തരുമോ കുടിക്കാന്‍ എന്ന് ചോദിച്ച് അദ്ദേഹം വീണ്ടും സംവിധായകന്റെ കസേരയിലേക്ക് പോയി. സീനിലും ഷോട്ടിലും മോഹന്‍ലാല്‍ എന്ന സംവിധായകന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

അസാധ്യ സംവിധായകനാണെന്ന് തെളിയിക്കും വിധമാണ് ലൊക്കേഷനില്‍ ലാല്‍ സാര്‍. ചെറിയ കാര്യം പോലും പ്രത്യേകം ശ്രദ്ധിക്കും. റീ ടേക്കുകള്‍ എത്ര പോയാലും വിഷയമല്ല. അഭിനയം പോലെ തന്നെ സംവിധാനവും മികവോടെ ചെയ്യുകയാണ് അദ്ദേഹം. ബറോസ് കാണുമ്പോള്‍ മോഹന്‍ലാലിന്റെ സംവിധാന മികവ് പ്രേക്ഷകരും തിരിച്ചറിയും.

ഹെയറിന്റെ കണ്ടിന്യൂറ്റി നോക്കാനും മേക്കപ്പ് വിഭാഗക്കാരോടുമെല്ലാം കാര്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ച് മോഹന്‍ലാല്‍ പറയുമ്പോള്‍ അത്ഭുതം തോന്നും. ലൊക്കേഷനില്‍ കുട്ടികളെപ്പോലെ ഓടി നടക്കുകയാണ് അദ്ദേഹം.

രാവിലെ വൈകി ലൊക്കേഷനില്‍ വരുന്നവര്‍ക്ക് മോഹന്‍ലാലിന്റെ വാഹനം കാണുമ്പോള്‍ നാണക്കേട് തോന്നും. രാത്രി വൈകി ചിത്രീകരണം ഉണ്ടായാല്‍ രാവിലെ വൈകിയേ മോഹന്‍ലാല്‍ വരികയുള്ളൂ എന്ന് കരുതിയാല്‍ വെറുതെയാകും, അനീഷ് പറയുന്നു.

വിവിധ ഭാഷകളിലായി ത്രി ഡി സിനിമയായാണ് ബറോസ് സംവിധാനം ചെയ്യുന്നത്. അതിനാല്‍ സാധാരണ സിനിമ പോലെയല്ല ചിത്രീകരണം. ലാല്‍ സാറിന്റെ കൈയില്‍ ഈ തിരക്കഥ ഭദ്രമാണെന്നതില്‍ സംശയമില്ല.

ലൊക്കേഷനില്‍ ലാല്‍സാര്‍ ഇതുവരെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. മുന്‍പത്തെ പോലെ തന്നെയാണ് സൗമ്യതയും ക്ഷമയും. ആര്‍ക്കും ടെന്‍ഷന്‍ കൊടുക്കാതെ എല്ലാവരോടും സ്‌നേഹത്തോടെയാണ് സംസാരം.

ലാല്‍ സാറിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഭാഗമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. സംവിധാനം ചെയ്യുന്ന എന്റെ അടുത്ത സിനിമയുടെ ചിത്രീകരണം പോലും നീട്ടിവെച്ചിരിക്കുകയാണ്,’ അനീഷ് ഉപാസന പറയുന്നു.

Content Highlight: Director Actor Mohanlal Barroz Shooting Location Aneesh Upasana