'നരസിംഹ മന്നാഡിയാർ പോലൊരു പേര് ഇന്ന് ഞാനിടില്ല, അപ്പുക്കുട്ടനെന്നോ മാധവൻകുട്ടിയെന്നോ ഇടാം'
Malayalam Cinema
'നരസിംഹ മന്നാഡിയാർ പോലൊരു പേര് ഇന്ന് ഞാനിടില്ല, അപ്പുക്കുട്ടനെന്നോ മാധവൻകുട്ടിയെന്നോ ഇടാം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st October 2023, 1:05 pm

 

മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ. സാജൻ. തന്റെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളെ കുറിച്ച് സംസാരിക്കുകയാണ് സാജൻ. നരസിംഹ മന്നാഡിയാർ, ഹൈദർ മരക്കാർ തുടങ്ങിയ വേറിട്ട പേരുകൾ അന്നത്തെ കഥാപാത്രങ്ങൾക്ക് അനിവാര്യമായിരുന്നു എന്നാണ് സാജൻ പറയുന്നത്.

നിരന്തരമായ രാഷ്ട്രീയ വായനകൾ നടക്കുന്ന ഈ കാലത്ത് കഥാപാത്രത്തിന് അത്തരത്തിലുള്ള പേരുകൾ ഇടില്ലായെന്നും സാജൻ കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സിനിമകളുടെ കഥ പറച്ചിൽ രീതി ആകെ വ്യത്യസ്തമാണ്. ഒരു ചെറിയ സംഭവത്തെകുറിച്ചോ അല്ലെങ്കിൽ ഒരു രാത്രി നടക്കുന്ന കഥയോ എല്ലാമാവും ഇന്ന് സിനിമയിൽ ഉണ്ടാവുക. പക്ഷെ അന്നത്തെ ഒരു കോമേഴ്‌ഷ്യൽ സിനിമ എന്നുപറഞ്ഞാൽ രണ്ട് രണ്ടര മണിക്കൂർ ഒരു ജീവിതമാണ് കാണിക്കുന്നത്.

കഥാപാത്രത്തിലേക്ക് പ്രേക്ഷകരെ പെട്ടെന്ന് എത്തിക്കണമെങ്കിൽ അയാൾക്കൊരു ഗാംഭീര്യം കൊടുക്കണം. അതിൽ പേരിന് വലിയൊരു സ്ഥാനമുണ്ട്. പേരുകൊണ്ട് തന്നെ അയാളെ വേറിട്ട് നിർത്തുന്ന ഒരു പ്രേത്യേകതയുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നണം.

ഇന്നിപ്പോൾ അങ്ങനെയല്ല കഥ പറയുന്നത്. നായകൻ വേറിടാൻ പാടില്ല. ആ ആൾക്കൂട്ടത്തിലങ്ങ് നിന്നു പോണം. അപ്പുക്കുട്ടൻ എന്നോ മാധവൻ കുട്ടിയെന്നോ എന്ത് പേരിട്ടാലും കുഴപ്പമില്ല. കാരണം സാധാരണക്കാരുടെ കഥ പറയുകയാണ്.

പക്ഷെ അന്ന് ഒരു ‘ന്യൂ ഡൽഹി’ പോലൊരു സിനിമ എടുക്കുമ്പോൾ കൃഷ്ണ മൂർത്തിക്ക് പകരം ഒരു സാധാരണ പേരിട്ടാൽ ആ ഗാംഭീര്യം കിട്ടില്ല. അത്രയേ ഉള്ളു. ധ്രുവത്തിൽ ഹൈദർ മരക്കാർ എന്ന കഥാപാത്രം അന്ന് അങ്ങനെ രൂപപ്പെടുത്തിയെടുക്കുമ്പോൾ ഇന്നുള്ള രാഷ്ട്രീയ വായനകളൊന്നും നടത്തിയിട്ടില്ല.

ഇന്ന് രാഷ്ട്രീയ വായനകൾ നിരന്തരം നടക്കുന്നുണ്ട്. അത് ഭാവിയിൽ വേറൊരു കാലഘട്ടത്തിൽ ഇനിയും നടക്കും. ഒരു പഠനത്തിന്റെ ഭാഗമായി അത് നല്ലതാണ്. ഒരു സമൂഹം മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ഈ രാഷ്ട്രീയ വായന വേണ്ടായെന്നല്ല, അത് തീർച്ചയായും വേണം. ഇന്നിപ്പോൾ ഞാൻ ഒരു കഥാപാത്രത്തിന് പേരിടുമ്പോൾ അങ്ങനെയൊരു പേര് വേണ്ടായെന്ന് വെക്കും.

അന്ന് ഞാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ അങ്ങനെ ശ്രദ്ധിക്കുന്ന ഒരാളല്ല. ഇന്ന് എല്ലാം പഠിച്ചു എന്നല്ല പറയുന്നത്. അന്ന് ആ അറിവും അത്ര ബോധ്യവും മാത്രമേ എനിക്ക് ഉണ്ടായിരിന്നുള്ളു. പിന്നീട് ചില ആകസ്മികതകൾ വന്നിട്ടുണ്ടാവാം,’ സാജൻ പറയുന്നു.

Content Highlight: Director A.K. Sajan Talk About Names Of His Characters And Changes in Malayalam Cinema