ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രം ഇന്നലെ (സെപ്റ്റംബര്‍ 12) തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തില്‍ അപ്പു പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍ ആണ്.
സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറായി കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഫാസിലിനെ കാണാന്‍ പോയെന്നും ചിത്രത്തിലെ അപ്പു പിള്ള എന്ന കഥാപാത്രം ചെയ്യേണ്ടത് മികച്ച നടനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞെന്ന് ദിന്‍ജിത്ത് പറയുന്നു. പണ്ടായിരുന്നെങ്കില്‍ തിലകനെ പോലെ ശക്തരായ നടന്‍മാരുണ്ടെന്നും ഇപ്പോള്‍ അത് കുറവായതുകൊണ്ട് ശ്രദ്ധിച്ച് കാസ്റ്റിങ് നടത്തണമെന്നും ഫാസില്‍ പറഞ്ഞെന്ന് പറയുകയാണ് ദിന്‍ജിത്ത്.
അപ്പു പിള്ളയുടെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു പരീക്ഷണം നടത്താമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും പിന്നീട് ഫാസിലിന്റെ നിര്‍ദേശം കേട്ടപ്പോള്‍ അത് വേണ്ടെന്നുവെച്ചെന്നും ദിന്‍ജിത്ത് പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘കാസ്റ്റിങ് നടത്തുന്നതിന് വളരെ മുമ്പ് തന്നെ ഞങ്ങള്‍ ഫാസില്‍ സാറിനെ കാണാന്‍ പോയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥയെപ്പറ്റി സംസാരിക്കാനാണ് പോയത്. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഫാസില്‍ സാര്‍ പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം, അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നുള്ളതാണ്.
പണ്ടെല്ലാം തിലകനെപ്പോലെ ശക്തരായ നടന്മാരുണ്ടായിരുന്നു. ഇപ്പോള്‍ അത് കുറവാണെന്നും ശ്രദ്ധിച്ച് നടനെ തെരെഞ്ഞെടുക്കു എന്നും ഫാസില്‍ സാര്‍ നിര്‍ദേശം തന്നു. ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പു പിള്ളയുടെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു പരീക്ഷണം നടത്താമെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയിരുന്നത്. പിന്നീട് ഫാസില്‍ സാറിന്റെ നിര്‍ദേശം കൂടെ കേട്ടപ്പോള്‍ അത് വേണ്ടെന്നുവെച്ചു.
മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേത് എന്ന് ഫാസില്‍ സാര്‍ പറഞ്ഞു. കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാളിപ്പോകുമെന്നും അതിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നുമായിരുന്നു അവസാനം ഞങ്ങളോട് പറഞ്ഞത്. മണിച്ചിത്രത്താഴിന്റെ രീതിയില്‍ അദ്ദേഹം ഞങ്ങളുടെ സ്‌ക്രിപ്റ്റിനെ സമീപിച്ചു എന്നുള്ളത് ഞങ്ങള്‍ക്ക് വലിയ ഒരു ഊര്‍ജ്ജം തന്നു,’ദിന്‍ജിത്ത് പറയുന്നു.