അനായസം കളിക്കേണ്ട പന്തിലാണ് രോഹിത് പുറത്തായത്; വിമര്‍ശനവുമായി ദിനേശ് കാര്‍ത്തിക്
Sports News
അനായസം കളിക്കേണ്ട പന്തിലാണ് രോഹിത് പുറത്തായത്; വിമര്‍ശനവുമായി ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th October 2024, 8:11 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്.

നിലവില്‍ ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിവസം ബാറ്റിങ് അവസാനിപ്പിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ട്ത്തില്‍ 16 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കിവീസ് പേസര്‍ ടിം സൗത്തി തുടങ്ങിയത്.

ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ ഒമ്പത് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ഹിറ്റ്മാന്‍ മടങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിനെ സൗത്തി 14 തവണയാണ് പുറത്താക്കിയത്. മോശം ഷോട്ടില്‍ പുറത്തായ രോഹിത്തിനെ വിമശിച്ചിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക്.

‘സൗത്തിക്ക് ഇതൊരു സാധാരണ പന്തായിരുന്നു. അതൊരു ഗംഭീര ഡെലിവറിയായിരുന്നില്ല. അനായാസം കളിക്കേണ്ട പന്തിലാണ് രോഹിത് പുറത്തായത്. അവന്‍ പന്ത് മോശമായി കളിച്ചത് സ്‌ക്രീനില്‍ നന്നായി കാണാമായിരുന്നു. ആ പന്ത് നന്നായി പ്രതിരോധിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു,’ ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാള്‍ ആറ് റണ്‍സും ശുഭ്മന്‍ ഗില്‍ 10 റണ്‍സും നേടി ക്രീസിലുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 11 ഫോര്‍ അടക്കം 76 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന് പുറമെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ് 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം നേടിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തീ, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

 

Content Highlight: Dinesh Kartik Criticize Rohit Sharma For Lose His Wicket