പന്തളം: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വി.ഐ.പി പരിഗണന നല്‍കിയ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന കോംപ്ലക്‌സിലാണെന്നാണ് റിപ്പോര്‍ട്ട്.
ദിലീപിന് വി.ഐ.പി പരിഗണന നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴിയാണ് നടന് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചത്. തുടര്‍ന്ന് വി.ഐ.പി പരിഗണനയും നടന് നല്‍കിയിരുന്നു. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
വാടക പോലും വാങ്ങാതെയാണ് നടന് സന്നിധാനത്ത് താമസസൗകര്യം ഒരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ അക്കോമഡേഷന്‍ ചുമതലയുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും വീഴ്ച പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന് ലഭ്യമായ വി.ഐ.പി പരിഗണനയില്‍ നിലവില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ദിലീപിന് വി.ഐ.പി പരിഗണന നല്‍കിയതില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിഷയം ചെറുതായി കാണാന്‍ കഴിയില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഇതിനുപുറമെ സന്നിധാനത്ത് സുനില്‍ സ്വാമി നടത്തുന്ന നീക്കങ്ങളിലും കോടതി ഇടപെട്ടിരുന്നു. സന്നിധാനത്ത് മറ്റ് ഭക്തര്‍ക്ക് ഇല്ലാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ലഭിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്വമേധയ കേസെടുത്തായിരുന്നു കോടതിയുടെ ഉത്തരവ്.
വെര്‍ച്വല്‍ ക്യൂവിലൂടെയാണ് ഭക്തര്‍ ശബരിമലയിലെത്തുന്നത്. എന്നാല്‍ ശബരിമലയില്‍ നടക്കുന്ന എല്ലാ ദിവസ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ശ്രീകോവിലിന് മുമ്പില്‍ നിന്നുകൊണ്ടാണ് സുനില്‍ സ്വാമി പൂജയില്‍ പങ്കെടുക്കുന്നത്. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം സുനില്‍ സ്വാമി ശബരിമലയില്‍ താമസിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ മറ്റുള്ള ഭക്തര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ശബരിമലയില്‍ ലഭിക്കുന്നില്ല. സുനില്‍ സ്വാമിയുടെ ശബരിമലയിലെ നീക്കങ്ങള്‍ നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.
Content Highlight: Dileep was accommodated at Sannidhanam in complex for ministers and board members: Devaswom vigilance report