കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവുണ്ടാകും.
രാവിലെ 10.15നാണ് കേസില്‍ വിധി പറയുക. ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുക.
ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാല്‍ വ്യവസ്ഥകളോടയുള്ള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍.
സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിരിക്കെ കെട്ടിച്ചമച്ച കേസാണെന്ന് പറഞ്ഞ് ദിലീപും കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ഹരജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജിയാണ് പ്രോസിക്യൂഷനായി വാദിക്കുന്നത്.