Advertisement
Daily News
പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തു: പരാതിയുമായി ദിലീപും നാദിര്‍ഷായും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 24, 05:33 am
Saturday, 24th June 2017, 11:03 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനെതിരെ പരാതിയുമായി നടന്‍ ദിലീപും നാദിര്‍ഷയും. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ പേരുപറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് പരാതി.

മൂന്നുമാസം മുമ്പ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്. ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന ആരോപണം തെളിയിക്കുന്നതിന് റിക്കാര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു.

വിഷ്ണു വിളിച്ച് ഒന്നരക്കോടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് ദിലീപിന്റെ പേരുവലിച്ചിഴയ്ക്കുമെന്ന് പറഞ്ഞതായും നാദിര്‍ഷാ പറയുന്നു.


Also Read: പിടിക്കപ്പെട്ടവര്‍ മാത്രമല്ല പ്രതികള്‍; ബി.ജെ.പി കേരളത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ കള്ളനോട്ട് ഉപയോഗിക്കുന്നു: ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്


ദിലീപിന്റെ പേരു പറയാന്‍ പുറത്തുനിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ് വിഷ്ണു പറഞ്ഞതെന്നാണ് നാദിര്‍ഷ മാതൃഭൂമി ന്യൂസിനോടു പറഞ്ഞത്. തനിക്കു രണ്ടരക്കോടി രൂപവരെ നല്‍കാന്‍ ആളുണ്ടെന്നും വിഷ്ണു പറഞ്ഞു. നടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തനിക്കു പിന്നിലുണ്ടെന്നും വിഷ്ണു പറഞ്ഞതായി നാദിര്‍ഷാ പറയുന്നു.

നടിയ്‌ക്കെതിരായ ആക്രമണം ക്വട്ടേഷനാണെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണ്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപും നാദിര്‍ഷായും പരാതി നല്‍കിയെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

നടിയ്‌ക്കെതിരായ ആക്രണം ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി നടി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പിന്നീട് സുനി നിഷേധിച്ചു. തുടര്‍ന്നാണു പിടിയിലായ ഏഴുപേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ജിംസന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയശേഷം തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വാങ്ങാനാണ് പൊലീസിന്റെ നീക്കം.

ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരും കേസില്‍ പിടിയിലായിരുന്നു.