National
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 07, 07:11 am
Wednesday, 7th March 2018, 12:41 pm

ന്യൂദല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുകയാണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍. ഫെബ്രുവരിയിലെ ഡിജിറ്റല്‍ ഇടപാടുകള്‍ എണ്ണത്തിലും തുകയിലും ജനുവരിയേക്കാള്‍ പിന്നിലാണെന്ന് ആര്‍.ബി.ഐ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

115.5 ട്രില്യണ്‍ രൂപ മൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയില്‍ ഇത് 131.9 ട്രില്യണ്‍ രൂപയായിരുന്നു. 12.5 ശതമാനത്തിന്റെ കുറവാണിത്.

1.09 ബില്യണ് ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നതെങ്കില്‍ 1.12 ആയിരുന്നു ജനുവരിയിലെ കണക്ക്.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യൂണിഴൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് (യു.പി.ഐ), ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉള്‍പ്പടെയുള്ള ഇടപാടുകളുടെ കണക്കാണിത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പണമിടപാടുകളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റുകയാണ് നോട്ട് നിരോധനം നടപ്പാക്കുന്നതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളും പ്രചാരണങ്ങളും സര്‍ക്കാര്‍ നടത്തി. വേഗത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാന മന്ത്രി ബീം ആപ്പ് പോലുള്ള സംവിധാനങ്ങളും ആരംഭിച്ചിരുന്നു.