ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രണം; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍
national news
ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രണം; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 4:56 pm

ന്യൂദല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ 26 ശതമാനം മാത്രമെ വിദേശ നിക്ഷേപം അനുവദിക്കൂ. ഇതില്‍ കൂടുതല്‍ നിക്ഷേപം വാങ്ങിയവര്‍ കുറയ്ക്കണമെന്നാണ് നിര്‍ദേശം.

വാര്‍ത്താവിതരണ പ്രക്ഷേപ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഉള്ളവര്‍ ഒരു വര്‍ഷത്തിനകം കുറയ്ക്കണമെന്നാണ് നിര്‍ദേശം. 26 ശതമാനത്തില്‍ താഴെയാണ് നിക്ഷേപമെങ്കില്‍ അത് വിശദമാക്കുന്ന രേഖകള്‍ ഒരുമാസത്തിനകം സമര്‍പ്പിക്കണം.

ഡിജിറ്റല്‍ മാധ്യമങ്ങളുടെ സി.ഇ.ഒ ഇന്ത്യന്‍ പൗരന്‍മാരാകണം. 60 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന അത്തരം ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ അനുമതി വാങ്ങണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്.

നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വന്നിരുന്നു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടൊക്കെ നിരവധി വാര്‍ത്താ പോര്‍ട്ടലുകള്‍ക്കെതിരെ കേസ് വന്നിരുന്നു. തുടര്‍ന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത്തരം വാര്‍ത്ത പോര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Digital Media FDI 26%