ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഖാപ് പഞ്ചായത്തില്‍ രണ്ടു ദിവസം നീട്ടിക്കൊടുത്താല്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയുമെന്ന് അവര്‍ കരുതിയെങ്കില്‍ അത് ഭൂഷണെ മാത്രമല്ല, ഭൂഷണ്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും മനസിലാക്കാനുള്ള ശേഷിക്കുറവാണ്. ഓരോ ദിവസവും ഭൂഷന്റെ ഓഫീസില്‍ വരുന്ന വലിയ കെട്ട് എഴുത്തുകളില്‍ നാനാവിധമായ പരാതികളുണ്ടാകും, ആവലാതികളുണ്ടാകും. ഇന്ത്യന്‍ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള ഹര്‍ജി നല്‍കണമെന്ന ആവശ്യം മുതല്‍ ബ്രിട്ടീഷ് രാജില്‍ ഗുമസ്തനായിരുന്ന മുത്തച്ഛന്റെ പെന്‍ഷന്‍ കിട്ടിയില്ല എന്നുവരെയുള്ള നമ്മുടെ ഉറക്കം കളയാനുള്ള കെട്ടുകണക്കിനു കടലാസുകള്‍ മുതല്‍ ഈ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കുള്ള ആവശ്യം വരെ. Whistle Blowers ഒരു ഭീതിയുമില്ലാതെ രഹസ്യങ്ങള്‍ പങ്കുവെക്കാനെത്തും. പണമില്ല എന്നതിന്റെ പേരില്‍ ന്യായമായ ഒരു ഹര്‍ജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരില്‍ ഒരു അധാര്‍മിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹര്‍ജികള്‍ പോകാറില്ല.
ഓഫീസിലെ മറ്റ് ജൂനിയര്‍ അഭിഭാഷകരും ഭൂഷണും ഒരുമിച്ചിരുന്നുള്ള പതിവുപോലൊരു ഉച്ചഭക്ഷണസമയത്ത് അദ്ദേഹം ഒരിക്കല്‍ ഒരു സാധാരണ സംഭവം പോലെ പറയുന്നു. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യകാലത്ത് ഉച്ചയ്ക്കൊരു ദിവസം ഒരാള്‍ കാണാന്‍ വരുന്നു. ആളകമ്പടികള്‍ ഇല്ലാതെ. ചില കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ആഗതന്‍ കാര്യത്തിലേക്ക് കടക്കുന്നു. ‘താങ്കള്‍ ഞങ്ങള്‍ക്ക് എതിരെ നില്‍ക്കരുത്. ഞങ്ങളുടെ ഗ്രൂപ്പിന്റെ നിയമോപദേഷ്ടാവാക്കാം.(അതായത് നൂറു കണക്കിന് കോടി രൂപ എന്നാണര്‍ത്ഥം). നരേന്ദ്ര ഭായിയുമായി എന്ത് കാര്യം നടത്തണമെങ്കിലും പറഞ്ഞാല്‍ മതി. ഒരു ബുദ്ധിമുട്ടുമില്ല.’
പ്രശാന്ത് ഭൂഷണ്‍
ഭൂഷണ്‍ സാമാന്യമര്യാദകള്‍ക്ക് ശേഷം നന്ദി, തനിക്ക് താത്പര്യമില്ല എന്നറിയിച്ചു. ആ വാഗ്ദാനം ചെയ്യാന്‍ വന്ന ഉടമയെ ഞങ്ങള്‍ക്കറിയാമായിരുന്നു. അയാള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദി ഇന്ത്യയിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വില്‍ക്കുന്ന പണിയുടെ ദല്ലാളായിരിക്കുന്നത്. ഒരു സാധാരണ സംഭവം പോലെ അത് പറഞ്ഞുകൊണ്ട് അടുത്ത കാര്യത്തിലേക്ക് കടക്കാന്‍ മാത്രം അത്തരം പ്രലോഭനങ്ങളോട് നിര്‍മ്മമനാണ് പ്രശാന്ത് ഭൂഷണെന്ന് കണ്ണടച്ചു പറയാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്ന് സുപ്രീം കോടതിയില്‍ എന്തുപറയണം എന്നതിനെക്കുറിച്ച് മറിച്ചൊരു ചിന്തയും അദ്ദേഹത്തില്‍ ഉണ്ടായിരിക്കില്ല.
എന്നാലതല്ല സുപ്രീം കോടതിയുടെ അവസ്ഥ. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ ഭരണകക്ഷി നല്‍കിയ സ്ഥാനമാനങ്ങള്‍ നടുവളഞ്ഞു സ്വീകരിച്ച ജസ്റ്റിസുമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര നീതിമാനാണ്! അതുകൊണ്ട് അദ്ദേഹത്തിന്റെ മകളുടെ കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നു. (മിശ്രയുടെ മകളുടെ ഭര്‍ത്താവ് വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദിവാകര്‍ മിശ്രയാണ്. 2000 ബാച്ചിലെ IAS കാരന്‍.) രാഷ്ട്രപതി കോവിന്ദ് വന്നു. പ്രതിരോധ മന്ത്രി വന്നു. അമിത് ഷാ വന്നു. നിരവധി കേന്ദ്ര മന്ത്രിമാര്‍ വേറെ വന്നു. പല മുഖ്യമന്ത്രിമാരും ചെന്നു. പിന്നെ സായുധ സേന മേധാവിയും ചെന്നു. ഭൂഷണ്‍ tweet ചെയ്തു, ‘Apparently this blue eyed Joint Secretary is the son in law of a senior SC judge & the Mundan ceremony of his daughter was at the residence of that Judge !’ അപ്പോള്‍പ്പിന്നെ ജസ്റ്റിസ് മിശ്ര തന്നെ വിധിക്കണം ഭൂഷണെ കുറ്റക്കാരനായി.
ജസ്റ്റിസ് മിശ്രയാകട്ടെ നീതി നടത്തിപ്പില്‍ അസാരം കണിശക്കാരനാണ്. അതുകൊണ്ട് 2019-നു ശേഷം ഇതുവരെയായി അദാനി ഗ്രൂപ്പ് ഉള്‍പ്പെടുന്ന ആറ് കേസുകളില്‍ ടിയാന്‍ അദാനിക്കനുകൂലമായി വിധി പറഞ്ഞുകഴിഞ്ഞു. വിരമിക്കാന്‍ ഒരു മാസം കഷ്ടിയുള്ളപ്പോള്‍ ഏഴാമത്തേതിലും വിധി പറയാന്‍ കച്ചകെട്ടിയിരിക്കുകയാണ് നീതിദേവന്‍. അതില്‍ത്തന്നെ ചില കേസുകള്‍ അവധിക്കാല ബഞ്ചില്‍ തന്റെ ബഞ്ചിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി അദാനിക്കനുകൂലമായി തീര്‍പ്പാക്കിക്കൊടുത്തു മിശ്ര. 2002-ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കലാപത്തിന് ഒത്താശ ചെയ്ത മോദിയുടെ നിര്‍ദ്ദേശങ്ങള്‍ താനടക്കമുള്ള ഒരു യോഗത്തിലാണ് വന്നതെന്നും കാണിച്ച് സഞ്ജീവ് ഭട്ട് IPS നല്‍കിയ ഹര്‍ജി തള്ളിയ ബഞ്ചിലും മിശ്ര.
അരുണ്‍ മിശ്ര
സഹാറ-ബിര്‍ള ഡയറിയില്‍ മോദിയുടെ അടക്കം പേരുണ്ടെന്നും (ഒരിത്തിരി കാശ്, ചായ കുടിക്കാന്‍ വാങ്ങിയേയുള്ളു മോദി 25 കോടി ) കൂടുതല്‍ അന്വേഷണം വേണമെന്നുമുള്ള ഹര്‍ജി തള്ളിയതും മിശ്ര. മെഡിക്കല്‍ കോളേജ് കോഴക്കേസില്‍, കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടോപ്പമിരുന്ന് ആ കേസ് തള്ളിയ ബഞ്ചിലും ജസ്റ്റിസ് മിശ്ര. ഷോറാബുദീന്‍ ഷെയ്ഖിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവും അയാളുടെ ഭാര്യ കൗസര്‍ ബിയെ ബലാത്സംഗം ചെയ്തു കൊന്നതും സംബന്ധിച്ച കേസില്‍ സംശയത്തിന്റെ നിഴലില്‍ നിന്ന അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ക്കെതിരായ കേസ് കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ ബഞ്ചിലും മിശ്ര. ഈ കേസിന്റെ listing മിശ്രയുടെ ബെഞ്ചിലേക്ക് വന്നപ്പോഴാണ് ചില പ്രത്യേക തരം കേസുകള്‍, രാഷ്ട്രീയ പ്രാധാന്യമുള്ളവ list ചെയ്യുന്നതില്‍ ചില ക്രമക്കേടുകളും വഴിവിട്ട താത്പര്യവും നടക്കുന്നുണ്ട് എന്നാരോപിച്ചുകൊണ്ട് അന്നത്തെ മുതിര്‍ന്ന നാല് ന്യായാധിപര്‍ പത്രസമ്മേളനം നടത്തിയത്. അതിലുള്‍പ്പെട്ട രഞ്ജന്‍ ഗോഗോയ് ലൈംഗിക പീഡനക്കേസില്‍ നിന്നും മറ്റു ചില കുഴപ്പങ്ങളില്‍ നിന്നും ഊരിക്കിട്ടാന്‍ അമിത്ഷായുടെ അടിമയായത് വേറെ ചരിത്രം.
ഗൊഗോയിയുടെ സ്ത്രീ പീഡനം പുറത്തുവന്ന ദിവസങ്ങളില്‍ ഒരു അഭിഭാഷകന്‍ പൊടുന്നനെ രംഗത്തു വരുന്നു. ഇതിനു പിറകിലെ കള്ളക്കളികള്‍ തനിക്കറിയാമെന്നും അവകാശപ്പെടുന്നു. അയാളെ ഗോഗോയ് plant ചെയ്തതാണെന്ന് സകലര്‍ക്കും അറിയാമായിരുന്നു. ജസ്റ്റിസുമാര്‍ക്ക് മാത്രം പ്രവേശനമുള്ള കവാടത്തിലൂടെ അയാള്‍ വന്ന ഒരു ‘ടാക്‌സി കാര്‍’ പരിശോധനകള്‍ കൂടാതെ അകത്തുപോയത് അകത്തുനിന്നുള്ള മാന്ത്രിക വടി വീശിയപ്പോഴാണ്. അയാളെ കോടതിയില്‍ വിളിച്ചുവരുത്തുന്നു മിശ്രയുടെ ബഞ്ച്. ഒപ്പം ലോകത്തൊരു ചീഫ് ജസ്റ്റിസും തനിക്കെതിരായ ആരോപണത്തില്‍ ഇത്ര സുതാര്യമായി നടപടിയെടുക്കില്ല എന്ന് ഗൊഗോയിയെ മിശ്ര തുറന്ന കോടതിയില്‍ പുകഴ്ത്തുന്നു.
തനിക്ക് അഭിഭാഷകന്‍ കൈമാറിയ കടലാസില്‍ രാജ്യത്തെ പിടിച്ചുകുലുക്കുന്ന സംഭ്രമജനകമായ വിവരങ്ങളാണെന്ന് മിശ്ര പറയുന്നു. ഉച്ചയ്ക്ക് ശേഷം ഹാജരാകാന്‍ IB മേധാവി, CBI മേധാവി ദല്‍ഹി പൊലീസ് മേധാവി എന്നിവരോട് ആവശ്യപ്പെടുന്നു. മാസങ്ങള്‍ കഴിഞ്ഞു. അയോധ്യയും റഫേലും ശബരിമല റിവ്യൂവും അടക്കമുള്ള നിരവധി ഏറാന്‍ മൂളി വിധികള്‍ക്കു ശേഷം ഗോഗോയ് എന്ന കളങ്കം സുപ്രീം കോടതിയില്‍ നിന്നും പടിയിറങ്ങി. അതിനു മുമ്പ് ഒന്നുകൂടി സംഭവിച്ചു. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ത്തിയ ജീവനക്കാരിയെ സുപ്രീം കോടതിയില്‍ ജോലിയിലേക്ക് തിരിച്ചെടുത്തു. ദല്‍ഹി പോലീസില്‍ നിന്നും suspend ചെയ്ത അവരുടെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ജോലിയില്‍ തിരിച്ചെടുത്തു. ജീവനക്കാരിക്കെതിരെ തട്ടിപ്പിന് കേസ് നല്‍കിയ പരാതിക്കാരനെ കാണാനില്ലാത്തതുകൊണ്ട് തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ ദല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. അപ്പോള്‍ സംഭ്രമജനകമായ ആ കടലാസ്? ഒന്നുമില്ല, പകരം പരാതിക്കാരിയുടെ കൈവശമുള്ള മറ്റൊരു കടലാസില്‍ ദേശസുരക്ഷയുടെ ഉപദേശം കയ്യൊപ്പ് ചാര്‍ത്തി നല്‍കിയിരുന്നു. മുട്ടിക്കോളു, തുറക്കപ്പെടും എന്ന്.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമത്തില്‍ സുപ്രീം കോടതിയുടെതന്നെ രണ്ടു വിധികളില്‍ വൈരുധ്യമുണ്ട് എന്ന് വന്നപ്പോള്‍ വിശാല ഭരണഘടനാ ബഞ്ച് കേള്‍ക്കാന്‍ തീരുമാനിച്ചു. വൈരുധ്യമുള്ള വിധികളില്‍ സര്‍ക്കാരിന് അനുകൂലമായ വിധിയെന്ന് കരുതുന്ന വിധിയെഴുതിയത് മിശ്രയായിരുന്നു. പുതിയ വിശാല ബഞ്ച് വന്നു. രണ്ടു വിധികളും പരിശോധിച്ചു ശരിയായ നിലപാടെടുക്കാനുള്ള വിശാല ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാര്? ജസ്റ്റിസ് അരുണ്‍ മിശ്ര!
ജസ്റ്റിസ് മിശ്രയുടെ നീതിസങ്കല്‍പ്പത്തിന് പ്രശാന്ത് ഭൂഷണെ പിടികിട്ടാത്തതില്‍ അതുഭുതമില്ല. അത് രണ്ടു ലോകങ്ങളാണ്.
എക്കാലത്തും വിശുദ്ധമായ ഒന്നും മനുഷ്യ നാഗരികതയിലില്ല. അത്തരത്തിലൊരു വിശുദ്ധി സുപ്രീം കോടതി അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് നീതിയുടെ ചരിത്രപരതയെക്കുറിച്ച് അജ്ഞരായിരിക്കുന്നു എന്നാണര്‍ത്ഥം. നൈതികതയുടെ രാഷ്ട്രീയബോധത്തിന്റെ കണ്ണാടിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിക്ക് നേരെ പിടിച്ചിരിക്കുന്നത്. സ്വന്തം മുഖം കാണാനുള്ള ഉള്‍പ്പേടി കൊണ്ടാണ് കോടതി ആ കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത്.