'എന്നെ വിശ്വസിച്ച കോടിക്കണക്കിന് വാട്‌സാപ്പ് ഉപഭോക്താക്കളെ ഞാന്‍ ചതിച്ചു' വാട്‌സാപ്പിനെ സുക്കര്‍ബെഗിന് വിറ്റതിനെ പറ്റി 2018 ല്‍ ഫോര്‍ബ്‌സ് മാസികയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ ബ്രയാന്‍ ആക്ടന്‍ പറഞ്ഞു, 'ആ ഓര്‍മയുടെ വേട്ടയാടലിലാണ് ഞാന്‍ ഓരോ ദിവസവും കഴിയുന്നത്'.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സ്വപ്ന സുരേഷ് വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയാണെന്ന് ആരും സമ്മതിക്കുമായിരുന്നു, അവര്‍ വാട്‌സാപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നറിയുന്നത് വരെ. ഇത് തന്നെയാണ് അര്‍ണാബ് ഗോസ്വാമിയുടെയും കഥ.
വാട്‌സാപ്പ് ഉപയോഗിച്ചവര്‍ മുഴുവന്‍ വിഡ്ഢികളായിരുന്നു എന്ന് കാലം തെളിയിക്കുകയാണ്, മുകളില്‍ പറഞ്ഞ രണ്ടു ക്രിമിനലുകള്‍ മാത്രമല്ല, മാന്യമായി ജീവിക്കുന്നവരും. നമ്മുടെ സ്വകാര്യ സന്ദേശങ്ങള്‍, സ്വകാര്യ ഫോട്ടോകള്‍, സാമ്പത്തിക ഇടപാടുകള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരമായ രഹസ്യങ്ങള്‍, യാത്രകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയൊക്കെ എവിടെയൊക്കെയോ ആരുടെയൊക്കെയോ കയ്യില്‍ ഇരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ അതൊക്കെ നാട്ടുകാര്‍ക്കൊക്കെ കാണാന്‍ പാകത്തില്‍ ഇന്റര്‍നെറ്റ് മുഴുവന്‍ പരക്കും. ഒരു കൊല്ലം മുമ്പ് ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല. ഇന്നതല്ല സ്ഥിതി.
കൊറോണകാലത്ത് ഉത്തരേന്ത്യയിലെ ജനങ്ങളെ പറ്റിക്കാന്‍ ഗോഡി-മീഡിയ ( മടിയിലിരുത്തിയിരിക്കുന്ന മാധ്യമങ്ങള്‍ എന്ന് വിവര്‍ത്തനം) എന്ന് പഞ്ചാബികള്‍ വിളിക്കുന്ന മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ ശ്രദ്ധ തിരിക്കല്‍ നാടകമായിരുന്നു സുശാന്ത് സിങിന്റെ ആത്മഹത്യ കൊലപാതകമാക്കല്‍ നാടകം. ബോളിവുഡിലെ താരങ്ങളും സംവിധായകരുമൊക്കെ മുമ്പ് നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ ദിനേന ഗോഡി-മീഡിയ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. ടൈംസ് നൗ, റിപ്പബ്ലിക്ക് എന്നീ ചാനലുകള്‍ക്കായിരുന്നു വാട്‌സാപ്പ് ചാറ്റുകള്‍ ബ്രേക്കിംഗ് ന്യൂസുകളായി കിട്ടി കൊണ്ടിരുന്നത്. ടൈംസ് നൗ അവതാരക നാവിക കുമാര്‍, റിപ്പബ്ലിക്ക് അവതാരകന്‍ അര്‍ണാബ് ഗോസ്വാമി എന്നിവര്‍ക്കായിരുന്നു പ്രധാനമായി ചാറ്റുകള്‍ കിട്ടികൊണ്ടിരുന്നത്.
ഇവര്‍ രണ്ടു പേരും, ഇപ്പോള്‍ പുറത്തു വന്ന അര്‍ണാബ് ചാറ്റുകളില്‍ തെളിയിക്കപ്പെട്ട പ്രകാരം ആദ്യം അരുണ്‍ ജെയ്റ്റ്‌ലിയുടെയും പിന്നീട് പ്രകാശ് ജാവേദ്കറുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബി.ജെ.പി ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജെന്റുമാരായിരുന്നു. ഇതേ ജെയ്റ്റ്‌ലിയെയും ജാവേദ്കറെയും പുച്ഛിച്ചു കൊണ്ട് ഇതേ അര്‍ണാബ് ഗോസ്വാമി സംസാരിക്കുന്ന ഭാഗം ഇപ്പോള്‍ പുറത്തു വന്ന ചാറ്റുകളില്‍ ഉണ്ടെന്നത് കാലത്തിന്റെ കാവ്യനീതി.
പ്രകാശ് ജാവേദ്കറെ വകക്ക് കൊള്ളാത്തവന്‍ എന്ന് വിശേഷിപ്പിച്ച അര്‍ണാബ് അരുണ്‍ ജെയ്റ്റ്‌ലി പെട്ടെന്ന് മരിക്കാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. വര്‍ഗീയതയും അപരവിദ്വേഷവും പരത്തി പണമുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്ന ക്രിമിനല്‍ സംഘങ്ങളാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് തെളിയിക്കുന്ന ഒരു പാട് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്ന ചാറ്റുകളിലുണ്ട്.
ബാര്‍ക്ക് മുന്‍ മേധാവിയുമായുള്ള ചാറ്റുകളെ പുറത്തു വന്നിട്ടുള്ളൂ, വന്നതിനേക്കാളും വരാത്തതായിരിക്കും കൂടുതല്‍. ശിവസേനയുടെ സ്വഭാവം വച്ച് നോക്കുമ്പോള്‍, ബാക്കിയുള്ള ചാറ്റുകളില്‍ ആരൊക്കെയുണ്ടോ അവരെ ബ്ലാക്മെയ്ല്‍ ചെയ്തു നിര്‍ത്തുന്നതാവും ചാറ്റുകള്‍ പുറത്തു വിടുന്നതിനേക്കാള്‍ ലാഭം. അര്‍ണാബ് ഗോസ്വാമിയും കുറെ കേന്ദ്ര മന്ത്രിമാരും വേറെ കുറെ ബിസിനസ്സ്‌കാരുമൊക്കെ ശിവസേനയുടെ ബ്ലാക്മെയിലിന് വിധേയരായിട്ടായിരിക്കും ഇനി ജീവിക്കുക.
ഇതൊക്കെ ക്രിമിനല്‍ കൂട്ടങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കില്‍, വാട്‌സാപ്പ്, അല്ലെങ്കില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ ചെയ്തു കൂട്ടുന്ന ക്രിമിനല്‍ പ്രവര്‍ത്തികളാണ് നമ്മള്‍ നാട്ടുകാരെ ബാധിക്കുന്നത്. സത്യത്തില്‍ വാട്‌സാപ്പ് ഒരു സാമൂഹ്യ മാധ്യമം എന്ന നിലക്കല്ല തുടങ്ങിയത്, വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ വിനിമയത്തിനുള്ള ഒരു ഉപകരണമായാണ്. സമൂഹത്തിന് അതില്‍ കാര്യമൊന്നുമില്ല, അത് കൊണ്ട് തന്നെ സമൂഹമാധ്യമം എന്ന് പറയാനും പറ്റില്ല. ഇരുപത്തിരണ്ട് ബില്യണ്‍ ഡോളര്‍ കൊടുത്തു ഫേസ്ബുക് എന്ന സാമൂഹ്യ മാധ്യമ ഭീമന്‍ വാട്‌സാപ്പ് വാങ്ങുന്നതോടു കൂടിയാണ് വാട്‌സാപ്പ് ചാറ്റുകളും കോളുകളും മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ക്കും പരസ്യക്കമ്പനികള്‍ക്കും വില്‍ക്കാന്‍ വച്ചത്.
വാട്‌സാപ്പ് ഡാറ്റ ഏതൊക്കെ വഴിക്കാണ് ചോരുന്നത് എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. വ്യക്തികള്‍ തമ്മിലുള്ള ചാറ്റ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആണെന്നാണ് വാട്‌സാപ്പ് പറയുന്നത്. എന്ന് പറഞ്ഞാല്‍ സന്ദേശം അയക്കുന്നയാള്‍ പ്രത്യകം രഹസ്യ കോഡ് ഉപയോഗിച്ച് എന്‍ക്രിപ്ട് ചെയ്യുന്ന സന്ദേശം മറുവശത്തുള്ളയാള്‍ക്ക് ആയാളുടെ ഫോണില്‍ മാത്രമുള്ള രഹസ്യ കോഡ് ഉപയോഗിച്ചു ഡീക്രിപ്ട് ചെയ്തതിനു ശേഷം അയാള്‍ക്ക് മാത്രമേ വായിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അതിനിടയിലുള്ള ആര്‍ക്കും, വാട്‌സാപ്പ് കമ്പനിക്ക് ഉള്‍പ്പടെ, അത് വായിക്കാന്‍ കഴിയില്ല. എന്നാല്‍ വാട്‌സാപ്പ് ബാക്കപ്പ് ചെയ്യുമ്പോള്‍ എന്‍ക്രിപ്ട് ചെയ്യുന്നില്ല, അതില്‍ നിന്നാണ് ഡാറ്റ ചോരുന്നത് എന്നാണ് പൊതുവെ അനുമാനിക്കപ്പെടുന്നത്.
പക്ഷെ വാട്‌സാപ്പ് വിറ്റു കൊണ്ടിരുന്ന ഡാറ്റ ചാറ്റ് മാത്രമല്ല, നമ്മുടെ സ്ഥലങ്ങള്‍, യാത്രകള്‍, ഫോണ്‍ നമ്പര്‍, ആര്‍ക്കാണോ അയക്കുന്നത് അവരുടെ വിവരങ്ങള്‍, ഏതൊക്കെ ഗ്രൂപ്പുകളിലാണുള്ളത്, ഗ്രൂപ്പുകളുടെ സ്വഭാവം, ഉപയോഗിക്കുന്ന ഫോണ്‍ തുടങ്ങി നമുക്ക് പോലും അറിയാത്ത നമ്മുടെ വിവരങ്ങള്‍ വാട്‌സാപ്പ് വിറ്റു കാശാക്കി. അതിനു ശേഷമാണിപ്പോള്‍ ഔദ്യോഗികമായി നമ്മുടെ വിവരങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി നമ്മെ അറിയിക്കുന്നതും നമ്മെ കൊണ്ട് നിര്‍ബന്ധമായി സമ്മതിപ്പിക്കുന്നതും. ബിസിനസ് സംബന്ധമായ ചാറ്റുകള്‍ മാത്രമേ വില്‍ക്കൂ എന്നാണ് പറയുന്നത്, പക്ഷെ അത് കൃത്യമായി നിര്‍വചിച്ചിട്ടില്ല. ഏതു വക്കീലിനും ഏതു രീതിയിലും വ്യാഖ്യാനിക്കാവുന്ന ഒരു എഗ്രിമെന്റ് ഒപ്പിട്ടാണ് നാമിപ്പോള്‍ വാട്‌സപ്പ് ഉപയോഗിക്കുന്നത്.
താടിയുള്ള അപ്പനെയെ പേടിയുള്ളൂ എന്നതാണ് വാട്‌സാപ്പിന്റെ രീതി. യൂറോപ്പില്‍ ഒരാളുടെയെങ്കിലും ചാറ്റ് ചോര്‍ന്നാല്‍ വാട്‌സാപ്പ് അനുഭവിക്കും എന്ന് യൂറോപ്യന്‍ യൂണിയന്‍ ഭീഷണിപ്പെടുത്തിയതു കൊണ്ട് ഈ എഗ്രിമെന്റ് അവിടെ ബാധകമാക്കിയില്ല. സ്വകാര്യതയ്ക്ക് ഒരു വിലയുമില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ഡാറ്റയാണ് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. സ്വകാര്യതയുടെ കാര്യത്തില്‍ മാത്രമല്ല ഈ നയം. വാട്‌സാപ്പ്, ഫേസ്ബുക് പോസ്റ്റുകളുടെ പേരില്‍ നിരവധി കൊലകളും കലാപങ്ങളുമാണ് ഇന്ത്യയില്‍ നടന്നത്. അതിനൊക്കെ കാരണമായ വിദ്വേഷ പ്രചാരകരെ വിലക്കാനോ മറ്റു നിയമ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാവാത്തവര്‍ നാലു അമേരിക്കയ്ക്കാര്‍ മരിച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രംപിനെ വരെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിലക്കി.
ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നവരാണ് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ അമരക്കാരായി വരുന്നവര്‍ മുഴുവനും, അവര്‍ തന്നെയാണ് വാട്‌സാപ്പിന്റെയും ഉടമസ്ഥര്‍. അധികാരത്തോട് ഒട്ടി നിന്ന് പരമാവധി കാശുണ്ടാക്കുക എന്ന ലളിതമായ പോളിസിയാണ് ഫേസ്ബുക് മൂന്നാം ലോകങ്ങളില്‍ പിന്തുടരുന്നത്. മ്യാന്മറില്‍ റോഹിന്‍ഗ്യക്കാര്‍ക്കെതിരെ വംശശുദ്ധീകരണം നടത്താനുള്ള ആഹ്വാനം മുഴുവന്‍ ഫേസ്ബുക്കിലൂടെയായിരുന്നു നടന്നത്. ബിസിനസ് താല്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ പ്രോത്സാഹിപ്പിച്ച ഫേസ്ബുക് അവസാനം ഐക്യ രാഷ്ട്ര സഭയുടെയും യൂറോപ്യന്‍ യൂണിയന്റെയും നടപടി നേരിടുമെന്നായപ്പോള്‍ ചെറിയൊരു ജാഗ്രതക്കുറവുണ്ടായതായി സമ്മതിച്ചു മാപ്പു പറഞ്ഞു രക്ഷപ്പെടുകയാണ് ചെയ്തത്.
ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയ ചേരിതിരിവിന്റെ പ്രധാന കാരണം ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണെന്ന് നിരന്തരം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ഈ ഭീമന്‍ കമ്പനി ഒരു നടപടിയും എടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ഒരു ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ ഫേസ്ബുക് ഇന്ത്യയില്‍ വിദ്വേഷ പ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നതായി ചൂണ്ടി കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ പരസ്യ ദാതാക്കള്‍ ബി.ജെ.പിയും അവരുടെ ക്രോണി ബിസിനസ്സുകാരുമാണ് എന്നതായിരിക്കും കാരണം.
പതിനൊന്ന് വര്‍ഷം മുമ്പ്, അതായത് 2009 ല്‍ ബ്രയാന്‍ ആക്ടന്‍, ജോണ്‍ കോം എന്നിവര്‍ ചേര്‍ന്നാണ് വാട്‌സാപ്പ് തുടങ്ങുന്നത്. ഡാറ്റ വില്പന നടത്താതെ 2014 വരെ പ്രവര്‍ത്തിച്ച വാട്‌സാപ്പിനെ ശരിയായ ഉടമസ്ഥരില്‍ നിന്ന് മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്ന ഫേസ്ബുക് ഉടമ ഇരുപത്തിരണ്ട് ബില്യണ്‍ ഡോളര്‍ കൊടുത്തു വാങ്ങുന്നതോടു കൂടിയാണ് കഥ മാറുന്നത്. ഫേസ്ബുക്കിനെ സംബന്ധിച്ച് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാമായിരുന്ന വാട്‌സാപ്പ് പോലത്തെ ഒരു ആപ്പ് അത് ചെയ്യാതെ ഇത്രയും വലിയ വില കൊടുത്തു വാങ്ങുന്നത് ഡാറ്റ കച്ചവടത്തിനാണെന്ന് അന്നേ എല്ലാവരും ഊഹിച്ചിരുന്നു. അത്തരം ഊഹാപോഹങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ വാട്‌സാപ്പ് വിട്ടു പോകുന്നത് ഒഴിവാക്കാന്‍ ജോണ്‍ കോം അന്ന് പ്രസിദ്ധീകരിച്ച ബ്ലോഗില്‍ വാട്‌സാപ്പില്‍ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടില്ല, ബ്ലോഗ് അപ്രത്യക്ഷമാവുകയും ചെയ്തു.
ജോണ്‍ കോം പുതിയ ഉടമസ്ഥരായ ഫേസ്ബുക്കില്‍ തുടര്‍ന്നെങ്കിലും വാട്‌സാപ്പ് സ്ഥാപകരില്‍ രണ്ടാമനായ ബ്രയാന്‍ ആക്ടന്‍ 2017 ല്‍ ഫേസ്ബുക് വിട്ടു. ഫേസ്ബുക്കിന്റെ തത്വദീക്ഷയില്ലാത്ത ഡാറ്റ വില്പനയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ‘എന്നെ വിശ്വസിച്ച കോടിക്കണക്കിന് വാട്‌സാപ്പ് ഉപഭോക്താക്കളെ ഞാന്‍ ചതിച്ചു’ വാട്‌സാപ്പിനെ സുക്കര്‍ബെഗിന് വിറ്റതിനെ പറ്റി 2018 ല്‍ ഫോര്‍ബ്‌സ് മാസികയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ ബ്രയാന്‍ ആക്ടന്‍ പറഞ്ഞു, ‘ആ ഓര്‍മയുടെ വേട്ടയാടലിലാണ് ഞാന്‍ ഓരോ ദിവസവും കഴിയുന്നത്’.
ഏതായാലും വാട്‌സാപ്പ് വിറ്റു കിട്ടിയ പണത്തില്‍ നിന്ന് 50 മില്യണ്‍ ഡോളര്‍ എടുത്തു ബ്രയാന്‍ ആക്ടന്‍ സിഗ്‌നല്‍ എന്ന പുതിയ ആപ്പ് വികസിപ്പിച്ചെടുത്തു. ഉപഭോക്താക്കളുടെ സ്വകാര്യത നൂറു ശതമാനം സംരക്ഷിച്ചു കൊണ്ടുള്ള, ഡാറ്റ വില്പന നടത്താത്ത ഒരു ആപ്പ് എന്നതാണ് സിഗ്‌നലിന്റെ ഉദ്ദേശ്യമായി ബ്രയാന്‍ പറയുന്നത്. ഉപഭോക്താക്കളുടെ ചാറ്റുകളോ, കോളുകളോ സിഗ്‌നല്‍ അവരുടെ സെര്‍വറുകളില്‍ സൂക്ഷിക്കുന്നില്ല, എന്ന് മാത്രമല്ല, ഉപഭാക്താക്കള്‍ അയക്കുന്ന മെസ്സേജുകളുടെ സമയം, ആര്‍ക്കാണ് അയക്കുന്നത് എന്ന വിവരങ്ങള്‍, ഏതൊക്കെ ഗ്രൂപ്പിലാണ് ഉള്ളതെന്ന കാര്യങ്ങള്‍, ലൊക്കേഷന്‍ തുടങ്ങി ഒന്നും സിഗ്‌നല്‍ ശേഖരിക്കുന്നില്ല. ഇത് മറ്റുള്ളവര്‍ക്ക് ഉറപ്പ് വരുത്താന്‍ വേണ്ടി അവരുടെ ആപ്പിന്റെയും സെര്‍വറിന്റെയും സോഴ്‌സ് കോഡ് പരസ്യമാക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്കയിലെ വിര്‍ജീനിയ സ്റ്റേറ്റിലെ ഒരു കോടതി ഒരു കേസിലുള്‍പ്പെട്ട രണ്ടു പേര്‍ തമ്മില്‍ നടത്തിയ ചാറ്റിന്റെ വിവരങ്ങള്‍ സിഗ്‌നലിനോട് ചോദിച്ചപ്പോള്‍, തങ്ങള്‍ സൂക്ഷിക്കുന്ന ആകെ വിവരം ഉപഭോക്താവ് എപ്പോളാണ് സിഗ്‌നലില്‍ ചേര്‍ന്നതെന്നും എപ്പോഴാണ് അവസാനമായി ലോഗിന്‍ ചെയ്തതെന്നുമാണ് എന്നാണ്. സിഗ്‌നലില്‍ ബാക്കപ്പ് സൗകര്യങ്ങളുമില്ല, അവരവരുടെ ഫോണില്‍ മാത്രമേ ബാക്കപ്പ് ഉള്ളൂ. അത് കൊണ്ട് തങ്ങളോട് ഒരു വിവരവും ഇനി ചോദിക്കേണ്ട എന്നാണ് അവര്‍ കോടതിയോട് പറഞ്ഞത്.
ബ്രയാന്‍ വാക്ക് പാലിക്കുമോ അതോ ആവശ്യത്തിന് ഡാറ്റ കിട്ടുമ്പോള്‍ അത് വിറ്റു കാശാക്കുമോ എന്ന് നമുക്കറിയില്ല. പുല്ലും പിണ്ണാക്കും തന്നു വളര്‍ത്തി കൊണ്ട് വരുന്നതാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ എന്ന നമ്മളെ. കൃത്യ സമയത്തു പാല് കറക്കാന്‍ ആളെത്തും. അത് കഴിഞ്ഞാല്‍ അറവുകാര്‍ക്ക് കൊടുക്കും. മൊബൈല്‍ ഫോണിന് അടിമപ്പെട്ട നിര്‍ഭാഗ്യരുടെ തലമുറ എന്ന നിലക്ക് നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഇത്രയേ ഉള്ളോ, പുല്ലും പിണ്ണാക്കും വേണ്ടുവോളം തിന്നുക, അറവുകാര്‍ വരുമ്പോള്‍ കഴുത്തു നീട്ടി കൊടുക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക