[] ന്യൂദല്‍ഹി: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. മൂന്നാഴ്ചയ്ക്കിടെയുണ്ടായ രണ്ടാം വിലവര്‍ധയാണിത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ വിലവര്‍ധനയും.
സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി അധികൃതരുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്. യു,പി.എ സര്‍ക്കാറിന്റെ നയം തന്നെ ബി.ജെ.പി സര്‍ക്കാറും പിന്തുടരുന്നെന്നാണ് ഈ വിലവര്‍ധന സൂചിപ്പിക്കുന്നത്.
വാറ്റ് ഒഴിവാക്കിയാണ് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വിലവര്‍ധന നിലവില്‍ വന്നത്. വിലവര്‍ധനയ്ക്ക് ശേഷവും ഡീസലിന്റെ വില്‍പ്പന നഷ്ടത്തിലാണെന്നും ഡീസലിന് പുറമെ മണ്ണെണ്ണയും എല്‍.പി.ജിയും പ്രതിസന്ധിയിലാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
മെയ് 13നായിരുന്നു അവസാനമായി ഡീസല്‍ വില വര്‍ധിപ്പിച്ചത്. ജനുവരിയിലാണ് എല്ലാ മാസവും കുറഞ്ഞ നിരക്കില്‍ അതായത് 50 പൈസവരെ ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോളിയം വില നിയന്ത്രണ അധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതില്‍ യു.പി.എ സര്‍ക്കാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.