ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ ഉത്തരവുകള്‍ അവഗണിച്ച് ത്രിപുരയിലെ ക്രമസമാധാന നില വഷളാകുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഹേളനമുണ്ടാവുന്നുണ്ടെന്ന് ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.
താലിബാനി ശൈലിയില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ അക്രമം നടത്താന്‍ ബി.ജെ.പി എം.എല്‍.എ ആഹ്വാനം ചെയ്തിരുന്നു. എം.എല്‍.എ അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായി അക്രമമുണ്ടാകുന്നുണ്ടെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടി കോടതിയോട് ആവശ്യപ്പെട്ടു.
‘എം.എല്‍.എ ആ പ്രസംഗം നടത്തിയോ? ഉണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ?’ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
‘ഞങ്ങള്‍ക്ക് ഇപ്പോള്‍ തര്‍ക്കിക്കാന്‍ താല്‍പ്പര്യമില്ല. പൊലീസ് സാന്നിധ്യം ത്രിപുരയില്‍ ഉറപ്പാക്കാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ,’ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിന്റെ അധിക ബറ്റാലിയനുകളെ വിന്യസിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
‘എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി പറഞ്ഞു. ‘പ്രസംഗം അക്രമത്തിന് പ്രേരിപ്പിച്ചതായി ഞാന്‍ കരുതുന്നില്ല. ഹരജിക്കാര്‍ ഇല്ലാത്ത കാര്യം ഉണ്ടാക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ പൊലീസുണ്ടെങ്കിലും ഒന്നുംതന്നെ ചെയ്യുന്നില്ലെന്നും അവിടെ സ്ഥിതി വളരെ ഗുരുതരമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു.
മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ തൃണമൂല്‍ പാര്‍ട്ടി നേതാവ് സയോണി ഘോഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിലെ ഇരയാണെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ വധശ്രമത്തിനുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനേയും തല്ലിചതച്ചു, ഗുപ്ത പറഞ്ഞു.
സുരക്ഷാ സാഹചര്യം വളരെ മോശമായതിനാല്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിത്വം പോലും പിന്‍വലിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 18നാണ് ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എ അരുണ്‍ ചന്ദ്ര ഭൗമിക് തൃണമൂല്‍ നേതാക്കളെ താലിബാനി ശൈലിയില്‍ ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.