അന്ന് അങ്കമാലി ഡയറീസ് ഞാൻ ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല: ധ്യാൻ ശ്രീനിവാസൻ
Entertainment
അന്ന് അങ്കമാലി ഡയറീസ് ഞാൻ ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 3:53 pm

അവതരണത്തിലെ പുതുമ കൊണ്ടും പ്രകടനത്തിലെ മികവ് കൊണ്ടും വലിയ രീതിയിൽ പ്രശംസ നേടിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയായിരുന്നു ലിജോ ചിത്രം ഒരുക്കിയത്.

എന്നാൽ അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാൾ താനാണെന്നും അന്ന് ചിത്രത്തിലേക്ക് അജു വർഗീസിനെയും ശ്രീനാഥ് ഭാസിയേയുമെല്ലാം പരിഗണിച്ചിരുന്നുവെന്നും നടൻ ധ്യാൻ ശ്രീനിവാസൻ പറയുന്നു. ചെമ്പൻ വിനോദ് ജോസിന്റെ സംവിധാനത്തിൽ ഒരുക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും അന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചൊന്നും വിചാരിച്ചിട്ടേയില്ലെന്നും താരം പറഞ്ഞു. ഒടുവിൽ നിർമാതാവ് വിജയ് ബാബു ചിത്രം പുതിയ താരങ്ങളെ വെച്ച് നിർമിക്കാമെന്ന് തീരുമാനിച്ചെന്നും ധ്യാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാൻ. അതും പെപ്പയുടെ റോളിലേക്ക്. എനിക്ക് തോന്നുന്നു ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്. ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

അടി കപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും കൂടെ ചെമ്പൻ ചേട്ടൻ വിളിച്ചിട്ട് കഥ കേൾക്കാൻ പോയിരുന്നു. അന്ന് ഭാസിയുമുണ്ടായിരുന്നു ചിത്രത്തിൽ. പക്ഷെ ചെമ്പൻ ചേട്ടൻ കഥ പറയുന്നത് കേട്ടാൽ ഒന്നും മനസിലാവില്ല. എനിക്കൊന്നും മനസിലായില്ല.

അങ്കമാലിക്കാരായ അവർ ചെയ്തതിന്റെ ഗുണം ആ പടത്തിനുണ്ട്. ഒന്ന് അവർ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങൾ ചെയ്താൽ ഒരിക്കലും അത് വർക്ക്‌ ആവില്ലെന്ന് എനിക്ക് തോന്നി. കണ്ണൂർ സ്ലാങ് ഒക്കെ പറഞ്ഞിട്ടായിരിക്കും ഉണ്ടാവുക. അതൊരിക്കലും ശരിയാവില്ലല്ലോ.

എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചെമ്പൻ ചേട്ടൻ അത് സംവിധാനം ചെയ്യാൻ ഇരുന്നതായിരുന്നു. അന്ന് ഞാൻ ചെമ്പൻ ചേട്ടനോട് പറഞ്ഞത്, നിങ്ങൾ ഇതൊരിക്കലും സംവിധാനം ചെയ്യരുത്, വേറേ ആർക്കെങ്കിലും കൊടുക്കണമെന്നായിരുന്നു. കാരണം അദ്ദേഹം അത്രയും തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്.

അന്ന് ലിജോ ചേട്ടൻ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാൻ ഇരുന്നത്. പിന്നെ വിജയ് ചേട്ടൻ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാൻ പ്ലാനുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അതാണ് നല്ലത് അത് സിനിമക്ക് ഒരു ഫ്രഷ്‌നെസ്സ് നൽകുമെന്നെല്ലാം. അതായിരുന്നു ചർച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം.

അന്ന് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാനുമില്ല ചെമ്പൻ ചേട്ടനുമില്ല. കാരണം ഞങ്ങൾ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാർ തന്നെ വന്ന് തല്ലികൊല്ലും(ചിരിക്കുന്നു) അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടിയില്ലേ,’ധ്യാൻ ശ്രീനിവാസൻ.

 

Content Highlight: Dhyan Sreenivasan Talk Aboout Angamali Dairies Movie