Advertisement
Entertainment
വയ്യാതിരുന്നിട്ട് പോലും പുലര്‍ച്ചെ രണ്ട് മണിക്ക് ഞാന്‍ അച്ഛനെക്കൊണ്ട് സീന്‍ എഴുതിപ്പിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 05:58 am
Saturday, 22nd February 2025, 11:28 am

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഒരുദിവസം വൈകിട്ട് തന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്യാനായി ശ്രീനിവാസന്‍ സെറ്റിലെത്തിയെന്നും എന്നാല്‍ ആ സീന്‍ ചെയ്യാന്‍ ഒരുപാട് വൈകിയെന്നും ധ്യാന്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിക്കാണ് ശ്രീനിവാസന്റെ സീന്‍ എടുക്കാന്‍ കഴിഞ്ഞതെന്നും അതുവരെ അദ്ദേഹം സെറ്റില്‍ തന്നെ ഇരുന്നെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ ഡയലോഗില്‍ തനിക്ക് ചെറിയൊരു തൃപ്തിക്കുറവ് തോന്നിയെന്നും അത് അദ്ദേഹത്തെക്കൊണ്ട് തിരുത്തി എഴുതിക്കാന്‍ തീരുമാനിച്ചെന്നും ധ്യാന്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിക്ക് ലൈറ്റിന്റെ കീഴില്‍ ഇരുന്ന് സ്വന്തം ഡയലോഗ് എഴുതുന്ന ശ്രീനിവാസന്റെ ഫോട്ടോ താന്‍ എടുത്തെന്നും ആ സമയത്ത് അദ്ദേഹത്തിന് ശാരീരികമായി ചില ബുദ്ധിമുട്ടുണ്ടായിരുന്നെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അന്നത്തെ ഷൂട്ടിനുള്ള പൈസ നിര്‍മാതാക്കളായ വിശാഖ് സുബ്രഹ്‌മണ്യവും അജു വര്‍ഗീസും ശ്രീനിവാസന്റെയടുത്ത് നിന്ന് വാങ്ങിയിരുന്നെന്നും അക്കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു. സ്വന്തം കൈയില്‍ നിന്ന് പൈസയെടുത്ത് അന്നത്തെ ദിവസം ഉറക്കവും കളഞ്ഞ് ഡയലോഗു എഴുതിപ്പിച്ചിട്ട് പോലും ശ്രീനിവാസന്‍ യാതൊരു പരാതിയും പറഞ്ഞില്ലെന്ന് ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ലവ് ആക്ഷന്‍ ഡ്രാമയില്‍ അച്ഛന്റെ ഒരു സീന്‍ എടുക്കാനുണ്ടായിരുന്നു. വൈകിട്ടാണ് അത് എടുക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ പുള്ളി കറക്ട് ടൈമില്‍ എത്തി. പക്ഷേ, അതിന് മുമ്പുള്ള സീന്‍ എടുത്ത് തീര്‍ക്കാന്‍ ഒരുപാട് വൈകി. രാത്രി ഒരുപാട് കഴിഞ്ഞപ്പോഴാണ് അത് എടുത്ത് തീര്‍ത്തത്. അതുവരെ അച്ഛന്‍ സെറ്റില്‍ തന്നെയുണ്ടായിരുന്നു. നയന്‍താരയോട് സംസാരിക്കുന്ന സീനായിരുന്നു.

പക്ഷേ, ഞാനെഴുതിയ ഡയലോഗില്‍ എനിക്ക് കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല. നൈസായിട്ട് ഞാന്‍ അത് അച്ഛനെക്കൊണ്ട് തിരുത്തിയെഴുതിച്ചു. പുള്ളിക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന സമയമായിരുന്നു അത്. അച്ഛന്‍ ലൈറ്റിന്റെ അടുത്ത് ഒരു കസേരയിട്ട് ആ സീന്‍ എഴുതുന്ന ഫോട്ടോ ഞാന്‍ എടുത്തുവെച്ചു. ആ പടത്തില്‍ അച്ഛന്‍ പൈസ വാങ്ങാതെയാണ് അഭിനയിച്ചത്.

പക്ഷേ, അന്നത്തെ ഷൂട്ട് നടത്താന്‍ വിശാഖും അജുവും അച്ഛന്റെയടുത്ത് നിന്ന് പൈസ വാങ്ങിയിരുന്നു. ഇത് ഞാന്‍ പിന്നെയാണ് അറിഞ്ഞത്. ആരോഗ്യം ശരിയല്ലാതെ രാത്രി വരെ കാത്തിരുന്ന് സീനും തിരുത്തിയെഴുതേണ്ടി വന്നു. പൈസ വാങ്ങിയതും ഇല്ല, കൈയില്‍ നിന്ന് കൊടുക്കേണ്ടിയും വന്നു. എന്നിട്ടും പുള്ളി പരാതിയൊന്നും പറഞ്ഞില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan shares the shooting experience of Love Action Drama movie