Entertainment news
'ദിലീഷ് പോത്തന്‍ അച്ഛന്‍ വേഷം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു': പ്രകാശന്‍ പറക്കട്ടെയിലേക്ക് ദിലീഷ് വന്നത് ഇങ്ങനെ: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 17, 03:12 am
Friday, 17th June 2022, 8:42 am

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പൂപ്പര്‍ സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍.
ചിത്രത്തിലേക്ക് ദിലീഷ് പോത്തന്‍ എത്തിയതിനെ പറ്റി ധ്യാന്‍ പറയുന്നു. ‘ മാത്യു തോമസിന്റെ അച്ഛന്റെ റോള്‍ ഒക്കെ ദിലീഷേട്ടന്‍ ചെയ്യുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. ഇത്രയും പ്രായമുള്ള റോള്‍ ആണല്ലോ. ശരിക്കും അദ്ദേഹത്തിന് നാല്‍പത് വയസ് മാത്രമാണുള്ളത്. പക്ഷെ കണ്ടാല്‍ 45 വയസിന് മുകളില്‍ തോന്നും, ആളുകള്‍ കരുതുന്നത് പുള്ളിക്ക് 50 വയസൊക്കെ ഉണ്ടെന്നാണ്.

പക്ഷെ ഞാന്‍ കഥ പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ പുള്ളി കഥാപാത്രത്തിലേക്ക് എത്തിയിരുന്നു അപ്പോഴേ എനിക്ക് തോന്നി അദ്ദേഹം ഈ കഥാപാത്രം ചെയ്യുമെന്ന്. പുള്ളിയെ സമ്മതിപ്പിക്കാന്‍ ഞാന്‍ സ്‌ക്രിപ്റ്റ് ഒന്നുമല്ല കൊടുത്തത്. സീന്‍ ഓര്‍ഡര്‍ ഒക്കെ വെച്ച് ഒരു വിശദമായ നറേഷനായിരുന്നു. കഥ പറഞ്ഞ് അടുത്ത ദിവസം തന്നെ ഇത് നമ്മുക്ക് ചെയ്യാം എന്ന് ദിലീഷേട്ടന്‍ പറഞ്ഞു’; ധ്യാന്‍ പറയുന്നു.

ജൂണ്‍ 17നാണ് പ്രകാശന്‍ പറക്കട്ടെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കോമഡി ഫാമിലി മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത.്

Content Highlight : Dhyan Sreenivasan about the casting of Dileesh Pothan in Movie Prakashan Parakkatte