എന്റെ കഥാപാത്രത്തിന്റെ പേര് രാജു, കൊത്ത രാജു അല്ല കേട്ടോ വെറും രാജു: ധ്യാന്‍ ശ്രീനിവാസന്‍
Movie Day
എന്റെ കഥാപാത്രത്തിന്റെ പേര് രാജു, കൊത്ത രാജു അല്ല കേട്ടോ വെറും രാജു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th December 2023, 12:40 pm

ബുള്ളറ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തില്‍ രാജു എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു താരം സില്ലി മോങ്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ താന്‍ നാട്ടുമ്പുറത്തുകാരനായ വെറും രാജുവാണെന്നും കൊത്ത രാജുവൊന്നുമല്ലെന്നുമായിരുന്നു ധ്യാന്‍ തമാശരൂപേണ പറഞ്ഞത്.

വലിയ രീതിയില്‍ സെലിബ്രേറ്റ് ചെയ്ത കഥാപാത്രമായിരുന്നു കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കൊത്ത രാജു.

‘എന്റെ കഥാപാത്രത്തിന്റെ പേര് രാജു. കൊത്ത രാജുവല്ല, നാട്ടിന്‍പുറത്തെ വെറും രാജു (ചിരി). നമ്മള്‍ ഇത് പറയണമല്ലോ. ആളുകള്‍ വെറുതെ തെറ്റിദ്ധരിക്കാന്‍ പാടില്ല. നാട്ടിന്‍പുറത്തെ സാധാരണക്കാരനാണ് രാജു. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ബൈക്ക് മെക്കാനിക്കാണ്.

അച്ഛന്റെ മരണശേഷം അതേറ്റെടുത്ത് നടത്തുകയാണ് രാജു. ഇതിനിടെ ടോട്ടല്‍ ലോസായ ഒരു വണ്ടി രാജുവിന് കിട്ടുന്നു. അത് പണിത് റീസ്റ്റോര്‍ ചെയ്ത് എടുക്കുകയാണ് രാജു. ആ നാട്ടില്‍ അങ്ങനെ ഒരു വണ്ടിയില്ല. അത് പുള്ളിയുടെ പ്രിയപ്പെട്ട വണ്ടിയാകുന്നു. അതിന് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്,’ ധ്യാന്‍ പറഞ്ഞു.

സിനിമയില്‍ അങ്ങനെ പ്രത്യേക കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുക്കുന്ന ആളല്ല താനെന്നും ഒരു മെത്തേഡ് ആക്ടിങ്ങും തനിക്കറിയില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘നമ്മള്‍ ഒരു കഥ കേള്‍ക്കുന്നു. ആ ഐഡിയയാണല്ലോ കേള്‍ക്കുന്നത്. ബുള്ളറ്റിന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേട്ടതാണ്. കൊവിഡിന് മുന്‍പേ സംസാരിച്ച വിഷയമാണ് ഇത്. ഞാന്‍ ഭയങ്കരമായി ഒരു ബൈക്ക് പ്രാന്തനാണ്. അതുകൊണ്ട് തന്നെ എനിക്കിത് റിലേറ്റ് ചെയ്യാന്‍ പറ്റും.

ഇതിലെ കഥാപത്രത്തെ പോലെ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. എന്നെങ്കിലും ഇത്തരത്തിലൊരു റോള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ സിനിമ ഒരു ലൈറ്റ് ഹാര്‍ട്ടഡാണ്, ഒരു ട്രാവല്‍ പടമൊന്നുമല്ല. ഇന്ന് തിയേറ്ററില്‍ ഇത് എങ്ങനെയാണ് വര്‍ക്കാവുക എന്ന് നമുക്ക് പറയാന്‍ പറ്റില്ല’, ധ്യാന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന തന്റെ വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ ഇത്രയേറെ വണ്ണം കുറച്ചതെന്നും ചിത്രത്തില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചെയ്യുന്നതെന്നും ധ്യാന്‍ പറഞ്ഞു.

കുറേ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു കഥാപാത്രം കിട്ടുന്നത്. 35 വയസിന് മുകളിലുള്ള കഥാപാത്രങ്ങളൊക്കെയാണ് അടുത്തിടെ എനിക്ക് കിട്ടിയത്. അപ്പോള്‍ ഇത്തരത്തിലൊരു കഥാപാത്രം വരുമ്പോള്‍ അതിനെ ആ രീതിയില്‍ തന്നെ മികച്ചതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്, ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan sreenivasan about his Character name on Bullet and kotha Raju