ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി
India
ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 4:06 pm

ന്യൂദൽഹി: കേന്ദ്ര മന്ത്രിമാരുടെ ഭരണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് വിമർശനവുമായി യൂട്യൂബർ ധ്രുവ് റാഠി. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര മന്ത്രിമാരെ വിമർശിച്ചത്. ഈ അടുത്ത് നടന്ന സംഭവങ്ങളെ ഉൾക്കൊള്ളിച്ചായിരുന്നു പോസ്റ്റ്. കേന്ദ്ര റെയിൽവേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെയാണ് വിമർശനം.

രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങളെ അതാത് സ്ഥാനത്തിരിക്കുന്ന മന്ത്രിമാർക്ക് തടയാനാകുന്നില്ല എന്നാണ് പോസ്റ്റിൽ പറയുന്നത്.

‘റെയിൽവേ മന്ത്രിക്ക് ട്രെയിൻ അപകടങ്ങൾ തടയാൻ കഴിയുന്നില്ല, വിദ്യാഭ്യാസ മന്ത്രിക്ക് പരീക്ഷ പേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ല, ആഭ്യന്തര മന്ത്രിക്കാകട്ടെ ഭീകരാക്രമണവും തടയാൻ കഴിയുന്നില്ല,’ എന്നതാണ് പോസ്റ്റിന്റെ പൂർണ രൂപം.

അടിക്കടി നടക്കുന്ന ട്രെയിൻ അപകടങ്ങളെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർന്നത് കാഞ്ചൻജംഗ ട്രെയിൻ അപകടം ഉണ്ടായപ്പോഴാണ്. ജൂൺ 17ന് നടന്ന അപകടത്തിൽ കാഞ്ചൻജംഗ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ അപകടത്തിന്റെ കാരണം റയിൽവേ വകുപ്പിന്റെ അനാസ്ഥയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഈ അപകടത്തെ വിമർശിച്ചാണ് ധ്രുവ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിതിരെ പ്രതികരിച്ചത്.

 

നീറ്റ് പരീക്ഷയിലെ ക്രമക്കേട് രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. നിരവധി വിമർശങ്ങൾ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നേരെ ഉയർന്നിരുന്നു. അദ്ദേഹത്തിനുള്ള മറ്റൊരു വിമർശനമാണ് ഇപ്പോൾ ധ്രുവ് റാഠിയിൽ നിന്നുയർന്നത്.

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ തടയാൻ കഴിയാത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ധ്രുവ് അവസാനമായി വിമർശിക്കുന്നത്. ജൂൺ 18ന് പോസ്റ്റ് ചെയ്ത കുറിപ്പ് 2 .7 ദശലക്ഷത്തിലധികം ആളുകളാണ് വായിച്ചത്. മൂന്ന് ലക്ഷത്തോളം ആളുകൾ പോസ്റ്റിൽ കമന്റ് ഇട്ടിട്ടുണ്ട്.

 

 

 

 

Content Highlight : Dhruv Rathee criticised central ministers