ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല; മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും ബെഹ്റ
Kerala News
ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല; മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും ബെഹ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th June 2021, 12:56 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. താന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സുരക്ഷിത വനത്തില്‍ യൂണിഫോം ഇട്ട് വരുന്നവര്‍ നിരപരാധികളല്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

‘കീഴടങ്ങല്‍ പോളിസിയുടെ ഭാഗമായി ഞങ്ങള്‍ നിരന്തരം കാര്യങ്ങള്‍ ചെയ്തു. കുടുംബത്തിന് പൈസ കൊടുക്കുന്ന ആലോചനകള്‍ വരെ മുന്നോട്ട് വെച്ചു. ചെറിയ അലംഭാവം ഉണ്ടെങ്കില്‍ മാവോകള്‍ക്കിടയിലെ തീവ്രസ്വഭാവം കൂടുമെന്നതില്‍ സംശയമില്ല. സുരക്ഷിത വനത്തില്‍ യൂണിഫോമിട്ട് വരുന്നവര്‍ നിരപരാധികളല്ല.

ഞാന്‍ എന്റെ കര്‍ത്തവ്യമാണ് ചെയ്തത്. ഞാന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. മാവോയിസ്റ്റ് വേട്ടയില്‍ ഒരു ഖേദവും ഇല്ല.’ ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ കേരളം നിയമം കൊണ്ടുവരും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ അറിയിച്ചു.

വിസ്മയ കേസ് കേരള മനസാക്ഷിയെ ഉലച്ചുവെന്നും നിയമങ്ങള്‍കൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ലെന്നും ഡി.ജി.പി. പറയുന്നു.

കേരളീയ സമൂഹം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം, സ്ത്രീധനത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. നിശാന്തിനിക്ക് ദിവസവും ഇരുന്നൂറോളം സ്ത്രീകളുടെ സന്ദേശങ്ങള്‍ കിട്ടുന്നുണ്ടെന്ന് പറഞ്ഞ ഡി.ജി.പി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ബോധവത്കരണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: DGP Loknath Behra about Maoist hunt