ചെന്നൈ: തമിഴ്‌നാടിന്റെ വികസനം മോദി സര്‍ക്കാരിന്റെ മുന്‍ഗണന വിഷയങ്ങളിലൊന്നാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
തമിഴ്‌നാടിന് അഞ്ച് ലക്ഷം കോടിയുടെ പദ്ധതികളാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചതെന്നും അമിത് ഷാ വേദിയില്‍ പറഞ്ഞു. ചടങ്ങില്‍ 13-ാം സാമ്പത്തിക കമ്മീഷനേയും 14-ാം സാമ്പത്തിക കമ്മീഷനേയും താരതമ്യം ചെയ്ത് കോണ്‍ഗ്രസിനെതിരെ ഒളിയമ്പ് അയക്കുകയും ചെയ്തു ബി.ജെ.പി ദേശീയ അധ്യക്ഷന്‍.
13-ാം സാമ്പത്തിക കമ്മീഷനില്‍ തമിഴ്‌നാടിന് ലഭിച്ചത് 94,540 കോടി മാത്രമാണ്, എന്നാല്‍ 14-ാം സാമ്പത്തിക കമ്മീഷന്‍ വന്നപ്പോള്‍ ആ തുക 1,99,096 കോടി രൂപയായി ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഇത് മാത്രമല്ല കേന്ദ്ര പദ്ധതികള്‍ വഴി 1,35,000 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് വേണ്ടി നല്‍കിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി കാരണമാണ് തമിഴ്‌നാടിന് ഏറ്റവും കൂടുതല്‍ റെയില്‍ ലൈനുകള്‍ ലഭിച്ചത്. 3,200 കിലോമീറ്റര്‍ റെയില്‍ ലൈനിന് വേണ്ടി 20,000 കോടിയാണ് ബി.ജെ.പി ചെലവഴിച്ചത്, അമിത് ഷാ പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ ലഭിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി ദേശീയ അധ്യക്ഷന്‍ പ്രസ്താവിച്ചു.
ബി.ജെ.പിക്ക് വേണ്ടത്ര വേരോട്ടം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.