ഞങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ വികസനമുണ്ടാകൂ: മോദി
national news
ഞങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ വികസനമുണ്ടാകൂ: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2022, 5:11 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ വികസനത്തിന് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നേ മതിയാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് ഇപ്പോള്‍ വികസനത്തിന്റെ പാതയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

ജൗന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അസംബ്ലി ഇലക്ഷനില്‍ ബി.ജെ.പിയുടെ വിജയം അനിവാര്യമാണ്. ഉത്തര്‍പ്രദേശ്  വികസനത്തിന്റെ പാതയിലാണ്. അതിന് ആക്കം കൂട്ടണമെങ്കില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നേതീരു,’ മോദി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ആറാം ഘട്ട വോട്ടെടുപ്പിലും ബി.ജെ.പിക്ക് അനുകൂലമായാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ലേത് പോലെ തന്നെയുള്ള വിജയം ബി.ജെ.പി ഇത്തവണയും നേടുമെന്നുള്ള കാര്യം ഉറപ്പാക്കണം. സമാജ്‌വാദി സര്‍ക്കാറിന് മാഫിയകളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അത് സമാജവാദി അല്ല മാഫിയവാദിയാണ്. ജൗന്‍പൂരിനെ മാഫിയകളുടെ കൈയില്‍ നിന്ന് മോചിപ്പിക്കേണ്ടത് ബി.ജെ.പി സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി ഭരിച്ചിരുന്ന സമയത്ത് രാമനവമിയിലും ശ്രീകൃഷ്ണ ജയന്തിക്കും ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കിയിട്ടില്ലെന്നും മുഹറത്തിനാണ് വൈദ്യുതി വിതരണം ചെയ്യാറുണ്ടായിരുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു.

ജനങ്ങള്‍ വീണ്ടും എസ്.പിക്ക് വോട്ട് ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ വൈദ്യുതി എത്തില്ലെന്നും ഷാ പറഞ്ഞിരുന്നു.

കൊള്ള, കൊലപാതകം, ബലാത്സംഗം എന്നിവയില്‍ അഖിലേഷ് യു.പിയെ ഒന്നാം സ്ഥാനത്താക്കി. അതിഖ് അഹമ്മദും മുഖ്താര്‍ അന്‍സാരിയും അസം ഖാനും ജയിലിലാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങളെ മാഫിയയില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ ബി.ജെ.പി സര്‍ക്കാറിന് മാത്രമേ അതിന് കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: Development in Uttar Pradesh only if we come to power again: Modi