തൊഴുത് പ്രാര്‍ത്ഥിച്ചാണ് അവര്‍ സീനെടുത്തത്; ഞാന്‍ ഏറ്റവും റിസ്‌ക്കെടുത്ത് സ്റ്റണ്ട് ചെയ്തത് ആ സിനിമയില്‍: ദേവനന്ദ
Entertainment
തൊഴുത് പ്രാര്‍ത്ഥിച്ചാണ് അവര്‍ സീനെടുത്തത്; ഞാന്‍ ഏറ്റവും റിസ്‌ക്കെടുത്ത് സ്റ്റണ്ട് ചെയ്തത് ആ സിനിമയില്‍: ദേവനന്ദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th May 2024, 5:10 pm

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. നാലര വയസ് മുതല്‍ അഭിനയ ലോകത്ത് സജീവമാണ് ഈ കൊച്ചു മിടുക്കി. തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ ദേവനന്ദയുടെ അഭിനയജീവിതം മിന്നല്‍ മുരളി, മൈ സാന്റ, മാളികപ്പുറം, 2018, നെയ്മര്‍, അരണ്‍മനൈ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വരെ എത്തിക്കഴിഞ്ഞു.

മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഗു’ ആണ് ദേവാനന്ദയുടെ പുതിയ ചിത്രം. സൂപ്പര്‍ നാച്വറല്‍ ഴോണറില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താന്‍ ഇതുവരെ അഭിനയിച്ചത്തില്‍ വെച്ച് ഏറ്റവും കയ്യടി നേടിയ സീനുകള്‍ അരണ്‍മനൈ എന്ന ചിത്രത്തിലാണെന്ന് പറയുകയാണ് താരം.

മാളികപ്പുറം സിനിമയില്‍ കൈയ്യടി കിട്ടിയ സീന്‍ പതിനെട്ടാം പാടി കയറുന്നതാണെന്നും ദേവാനന്ദ കൂട്ടിച്ചേര്‍ത്തു. ‘ഗു’ സിനിമയുടെ വിശേഷങ്ങളുമായി ഒറിജിനല്‍സ് ബൈ വീണക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവാനന്ദയും അച്ഛന്‍ ജിബിനും.

‘അരണ്‍മനൈ സിനിമയില്‍ അഞ്ച് നില ഹൈറ്റില്‍ നിന്ന് താഴേക്ക് വരുന്ന ഒരു സീനുണ്ട്. അതില്‍ ഒരു മുളയില്‍ ഒക്കെ പിടിച്ച് ചാടുന്നതും അത് പൊട്ടി പോവുന്നതുമെല്ലാമുണ്ട്. അതിന്റെ അവസാന ഭാഗത്താണ് സുന്ദര്‍ സാര്‍ സേവ് ചെയ്യുന്നത്.

ആ സീന്‍ റെഡിയാവുക എന്നത് ചെറിയ കാര്യമല്ല. കാരണം റോപ്പെല്ലാം ഇട്ട് ചെയ്യുന്നതാണ് ആ സീന്‍. അവരും ഒരുപാട് റിസ്‌കിലും തൊഴുത് പ്രാര്‍ത്ഥിച്ചുമാണ് അതെല്ലാം എടുക്കുന്നത്. ആ സീനിന് ഒരുപാട് കൈയ്യടി കിട്ടിയിരുന്നു. പിന്നെ മാളികപ്പുറം സിനിമയില്‍ ഏറ്റവും കൈയ്യടി ലഭിച്ചത് അതിലെ പതിനെട്ടാം പാടി കയറുന്ന സീനിലാണ്’, ദേവനന്ദ പറഞ്ഞു.

‘അരണ്‍മനൈ തന്നെയാണ് ദേവനന്ദ ഏറ്റവും റിസ്‌ക് എടുത്ത് സ്റ്റണ്ട് അഭിനയിച്ച സിനിമ. കാരണം അതിന്റെ ക്ലൈമാക്സിലൊക്കെ ഏറ്റവും ടോപ്പില്‍ നിന്നെല്ലാം റോപ്പ് ഉപയോഗിച്ച് ചാടുന്ന സീനുണ്ട്. അത് നേരെ കുങ്കുമത്തിലേക്കാണ് വന്ന് ചാടുന്നത്.

ആ സീന്‍ ആദ്യത്തെ ടേക്കില്‍ തന്നെ അവള്‍ റെഡിയാക്കി. പെര്‍ഫോമന്‍സ് വൈസ് അതില്‍ എല്ലാം ഓക്കെയായിരുന്നു. പക്ഷെ ക്യാമറയുടെ ഫോക്കസ് ശരിയായില്ല. പിന്നീടതിന്റെ റിട്ടേക്ക് എടുക്കേണ്ടി വന്നു’, ദേവനന്ദയുടെ അച്ഛന്‍ ജിബിന്‍ കൂട്ടിചേര്‍ത്തു.


Content Highlight: Devanandha Talks About Aranmanai 4 Movie