Entertainment
അതെന്റ സ്വകാര്യതയാണ്, ആ രഹസ്യത്തിലേക്ക് കടന്നെത്തുക എളുപ്പമല്ല: മോഹന്‍ലാല്‍

സിനിമാ പ്രൊമോഷനുകളുടെ ഭാഗമായിട്ടും അല്ലാതെയുമുള്ള അഭിമുഖങ്ങളെ കുറിച്ചും തുറന്നുപറച്ചിലുകളെ കുറിച്ചും ചില ചോദ്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

അഭിമുഖങ്ങള്‍ നല്‍കുന്നത് ഇഷ്ടമാണോ എന്ന ചോദ്യത്തിന് അത് ആ വ്യക്തിയേയും ചോദ്യങ്ങളേയുമൊക്കെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘കഴിഞ്ഞ 47 വര്‍ഷമായി ഞാന്‍ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഞാന്‍ ഉത്തരം നല്‍കണമെന്ന് ആഗ്രഹിക്കുന്ന കുറച്ച് ചോദ്യങ്ങള്‍ മാത്രമേ എന്നോട് ചോദിച്ചിട്ടുള്ളൂ. വളരെ അപൂര്‍വമായി മാത്രമേ അത്തരം അവസരം കിട്ടാറുള്ളൂ.

ഇപ്പോള്‍ എമ്പുരാന്‍ പ്രസ് മീറ്റില്‍ എല്ലാ ചോദ്യങ്ങളും ആ സിനിമയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. നമ്മള്‍ അവിടെ ഇരുന്ന് അതിന് തയ്യാറെടുക്കണം. അതാണല്ലോ ഇന്റര്‍വ്യൂ.

ചിലത് എന്റെ മനസിലൂടേയും എന്റെ ഇന്റലിജന്‍സ് അളക്കുന്ന രീതിയിലുള്ളതുമൊക്കെ ആയിരിക്കും. അത്തരം അഭിമുഖങ്ങളും എനിക്ക് ഇഷ്ടമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

അധികം തുറന്നു പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താങ്കള്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തുറന്നു പറയിപ്പിക്കുക എന്നത് അഭിമുഖം നടത്തുന്ന ആളുടെ ബുദ്ധിപോലിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

‘നമ്മള്‍ നമുക്ക് ചുറ്റും ഒരു വേലി കെട്ടും, പ്രത്യേകിച്ചും തികച്ചും വ്യക്തിപരമായ ചോദ്യങ്ങളാകുമ്പോള്‍. അവിടെ നമ്മള്‍ ആലോചിച്ച് മാത്രമേ ഒരു ഉത്തരം നല്‍കൂ.

ചോദ്യങ്ങള്‍ എന്തൊക്കെ ചോദിക്കണമെന്ന കാര്യത്തില്‍ നിങ്ങള്‍ പ്രിപ്പേര്‍ഡ് ആയിരിക്കും. എന്നാല്‍ ഉത്തരം പറയുന്ന കാര്യത്തില്‍ ഞാന്‍ അങ്ങനെ ആയിരിക്കില്ല.

ചിലപ്പോള്‍ ഇന്ന് ഞാന്‍ പറയുന്ന ഉത്തരമായിരിക്കില്ല അതേ ചോദ്യത്തിന് നാളെ പറയുക. ഓഷോ അത് പറഞ്ഞിട്ടുണ്ട്. കാരണം അത് ഇന്നലെ ആണല്ലോ. അതിന് ശേഷം നമ്മളില്‍ റെവല്യൂഷന്‍സ് നടക്കാമല്ലോ.

ഇപ്പോള്‍ ഒരു സിനിമയെ കുറിച്ചൊക്കെ ആണെങ്കില്‍ നമുക്ക് ഒരു കൂട്ടം ഉത്തരമുണ്ടായിരിക്കും. എന്നാല്‍ മറ്റു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ നമ്മള്‍ പലതും മറച്ചു വെച്ചേക്കാം.

എല്ലാവര്‍ക്കും സ്വകാര്യ ജീവിതമുണ്ട്. പബ്ലിക്ക് ലൈഫുണ്ട്. സീക്രട്ട് ലൈഫുമുണ്ട്. ചില ചോദ്യങ്ങള്‍ക്ക് നമ്മള്‍ക്ക് ഉത്തരം പറയാനാവില്ല. അത് നമ്മുടെ ഉള്ളില്‍ മാത്രമുള്ളതാണ്.

അത്തരത്തില്‍ നമ്മുടെ സീക്രട്ട് ലൈഫിലേക്ക് കടക്കണമെങ്കില്‍ അവിടെ നമുക്ക് ചില സ്‌പെഷ്യല്‍ താക്കോലുകള്‍ വേണ്ടി വരും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal about Interviews and Personal Secrets