എമ്പുരാന്‍ സിനിമയെ കുറിച്ചും ചിത്രത്തിലെ ചില സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍. എമ്പുരാനിലെ ചില സീനുകളില്‍ പൃഥ്വിരാജ് വിചാരിച്ച ഇംപാക്ട് തന്നെ കിട്ടണേ എന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്ന് മഞ്ജു പറയുന്നു.
കയ്യടി കിട്ടയില്ലെങ്കിലും തന്റെ സീനില്‍ കൂവല്‍ ഉണ്ടാവരുതേ എന്നായിരുന്നു പ്രാര്‍ത്ഥിച്ചതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
‘ എമ്പുരാന്റെ കഥയെ കുറിച്ചുള്ള പൂര്‍ണമായ ധാരണ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ആഴത്തില്‍ വായിച്ചതും പഠിച്ചതും ഞാനുള്ള സീനുകളായിരുന്നു.
വലിയ സംശയങ്ങള്‍ ചോദിക്കാനുള്ള അവസരമൊന്നും ഉണ്ടായിട്ടില്ല. കാരണം അതിന്റെ ആവശ്യം വന്നിട്ടില്ല. രാജുവിന്റെ മനസില്‍ അത്രയും ക്ലാരിറ്റി ഉണ്ടായിരുന്നു. നന്നായി അത് കമ്യൂണിക്കേറ്റ് ചെയ്തിട്ടുമുണ്ട്. ഒരു സംശയം പോലും വന്നിട്ടില്ല,’ മഞ്ജു പറയുന്നു.
എമ്പുരാനില്‍ പ്രിയദര്‍ശിനിയുടെ ഏതെങ്കിലും സീനില്‍ കയ്യടി ഉണ്ടാകുമോ എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് കയ്യടി വീണില്ലെങ്കിലും കൂവല്‍ വീഴരുതേ എന്നാണ് ആഗ്രഹിച്ചത് എന്നായിരുന്നു ചിരിയോടെയുള്ള മഞ്ജുവിന്റെ മറുപടി. അങ്ങനെ ഇന്ന സീനില്‍ കയ്യടി വീഴുമെന്നൊന്നും കരുതിയിട്ടില്ലെന്നും താരം പറഞ്ഞു.
‘ഷൂട്ടിന്റെ സമയത്തൊന്നും കയ്യടി വീഴാന്‍ വേണ്ടിയിട്ടാണ് ഈ സീനെന്നൊന്നും രാജു പറഞ്ഞിട്ടില്ല. ദൈവമേ, എന്നെ വെച്ച് ചെയ്യുന്ന ഈ സീനിന് രാജു ഉദ്ദേശിക്കുന്ന ഇംപാക്ട് കിട്ടണേ എന്ന് ആഗ്രഹിച്ചിരുന്നു. അത് സ്വാഭവികമായും നമ്മള്‍ ആഗ്രഹിക്കുമല്ലോ.
പിന്നെ പ്രിയദര്‍ശനി എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഏറ്റവും മനോഹരമായ നരേഷനാണ് രാജുവിന്റേത്.
ഈ ക്യാരക്ടറിന്റെ ആര്‍ക്കിനെ കുറിച്ചും സിനിമയെ കുറിച്ചും രാജു പറഞ്ഞു. ഞാന്‍ അത് ചെയ്തു. അത്രയേ ഉള്ളൂ. അല്ലാതെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി ഞാന്‍ എഫേര്‍ട്ട് ഇടേണ്ട ആവശ്യമില്ല.
കാരണം അത്രയും കൃത്യതയോടെ ആവശ്യമുള്ള എല്ലാ ഡീറ്റെയിലോടും കൂടി, തിരിച്ചൊരു സംശയം ചോദിക്കാന്‍ ഇടവരാത്ത രീതിയിലാണ് രാജു വിശദീകരിക്കുക. അതുപോലെ അങ്ങ് ചെയ്യാന്‍ ശ്രമിച്ചാല്‍ മതി,’ മഞ്ജു പറഞ്ഞു.
എമ്പുരാന് ആരും മനപൂര്‍വം ഒരു ഹൈപ്പ് കൊടുത്തിട്ടില്ലെന്നും ലൂസിഫര്‍ ആളുകള്‍ക്ക് അത്രയും ഇഷ്ടപ്പെട്ടതുകൊണ്ടും അതിന്റെ അടുത്ത ഭാഗമെന്ന നിലയിലും ആളുകള്‍ക്കുള്ള ആകാംക്ഷയാണ് നമ്മള്‍ കണ്ടതെന്നും മഞ്ജു പറഞ്ഞു.
ഇത്രയും ഹൈപ്പ് കൊടുത്തേക്കാം എന്ന് കരുതി ആരും ഒന്നും ചെയ്തിട്ടില്ല. അത് തനിയെ പ്രേക്ഷകരുടെ മനസില്‍ ഉണ്ടാകുന്നതാണെന്നും താരം പറഞ്ഞു.
Content Highlight: Actress Manju Warrier about a Scene on Empurraan and Audiance Response