Cricket
27 കോടിയുടെ നാണക്കേടുമായി ലഖ്‌നൗ; കളത്തില്‍ താണ്ഡവമാടി പഞ്ചാബ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 01, 03:03 pm
Tuesday, 1st April 2025, 8:33 pm

ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലക്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ രണ്ടാം മത്സരത്തിന് കളത്തില്‍ ഇറങ്ങിയ പഞ്ചാബ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

തുടര്‍ന്ന് കളത്തിലിറങ്ങിയ ലഖ്‌നൗവിന് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ആദ്യ ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് തന്റെ നാലാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പറഞ്ഞയച്ചാണ് തുടങ്ങിയത്. മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ശേഷം നാലാം ഓവറിന്റെ അവസാന പന്തില്‍ റണ്‍സ് നേടി ലഖ്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ത്തിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മിന്നും പ്രകടനമാണ് നടത്തിയത്.

മാര്‍ക്രത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ലോക്കി കരുത്ത് കാട്ടിയത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ലഖ്‌നൗ ആരാധകര്‍ കാത്തിരുന്നത് തങ്ങളുടെ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനത്തിന് വേണ്ടിയായിരുന്നു. ടീമിന് വേണ്ടി പന്ത് രക്ഷകനായി എത്തുമെന്ന് വിശ്വസിച്ചവര്‍ക്ക് വലിയ നിരാശയാണ് ഉണ്ടായത്. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് നേടിയാണ് പന്ത് കളം വിട്ടത്.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിന് ക്യാച് നല്‍കിയാണ് പന്ത് മടങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തുകയായ 27 കോടി രൂപ മുടക്കി ലഖ്‌നൗ സ്വന്തമാക്കിയ പന്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനമാണ് നടത്തുന്നത്.

Image

ആദ്യ മത്സരത്തില്‍ ദല്‍ഹിയോട് പൂജ്യം റണ്‍സും രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ 15 റണ്‍സും ഇപ്പോള്‍ ലഖ്‌നൗവിനെതിരെ രണ്ട് റണ്‍സും ഉള്‍പ്പെടെ 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

മാത്രമല്ല പന്തിന്റെ ഐ.പി.എല്ലില്‍ സീസണുകളിലെ ആദ്യ മൂന്ന് ഇന്നിങ്‌സ് നോക്കിയാല്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും മോശം ആവറേജും നേടിയ സീസണാണിത്.

2025 (ലഖ്‌നൗ) – 17 റണ്‍സ് – 5.67 അവറേജ് – 65.4 എസ്.ടി

2021 (ദല്‍ഹി) – 21 റണ്‍സ് – 40 അവറേജ് – 135 എസ്.ടി

2022 (ദല്‍ഹി) – 83 റണ്‍സ് – 41.5 അവറേജ് – 123.9 എസ്.ടി

നിലവില്‍ മത്സരത്തില്‍ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ടീം നേടിയത്. നിക്കോളാസ് പൂരന്‍ 18 റണ്‍സും ആയുഷ് ബധോണി 11 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.

അതേസമയം ബൗളിങ്ങില്‍ പ്രിന്‍സ് യാദവിനെ മാറ്റി മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഇലവനില്‍ എല്‍.എസ്.ജി ഉള്‍പ്പെടുത്തിയത്. പഞ്ചാബ് ഇലവനില്‍ അസ്മത്തുള്ള ഒമര്‍സായിയെ മാറ്റി ലോക്കി ഫെര്‍ഗൂസനെയാണ് തെരഞ്ഞെടുത്തത്. ബൗളിങ്ങില്‍ കരുത്ത് കാണിക്കാന്‍ തന്നെയാണ് ക്യാപ്റ്റന്‍ അയ്യരിന്റെ ലക്ഷ്യം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡ്ന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിവ്‌ഗേഷ് സിങ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ശശാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്ജ്, മാര്‍കോ യാന്‍സെന്‍, യുസ്വേന്ദ്ര ചഹല്‍, ലോക്കി ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്

Content Highlight: IPL 2025: Rishabh Pant Worst Performance In IPL