DISCOURSE
ഗുജറാത്ത് കലാപം, വീഡിയോ ഗെയിം, ചെകുത്താന്‍.
ഫാറൂഖ്
2025 Apr 01, 01:37 pm
Tuesday, 1st April 2025, 7:07 pm
കുല്‍ദീപ് നയ്യാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമല്ല വേണ്ടത്, അഭിപ്രായത്തിന് ശേഷമുള്ള സ്വാതന്ത്ര്യമാണെന്ന്. ഇന്ത്യയിലെ കലാകാരന്‍മാര്‍ ഒന്നടക്കം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതാണ്, അഭിപ്രായത്തിന് ശേഷമുള്ള സ്വാതന്ത്ര്യം. ഗുജറാത്ത് കലാപം, വീഡിയോ ഗെയിം, ചെകുത്താന്‍, ഫാറൂഖ് എഴുതുന്നു

നായനാര്‍ കേരളം ഭരിച്ചതിന്റെ പകുതി പോലും ഇ.എം.എസ് ഭരിച്ചിട്ടില്ല, മാത്രമല്ല ഇ.എം.സിനേക്കാളും എത്രയോ ജനപ്രിയനായിരുന്നു നായനാര്‍. ഇ.എം.എസ് കേരളം ഭരിച്ചത് 55 കൊല്ലം മുമ്പാണ്, നായനാര്‍ 23 കൊല്ലം മുമ്പും. ഇനി ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം, എന്ത് ചെയ്തതിന്റെ പേരിലാണ് നിങ്ങള്‍ ഇ.എം.എസിനെയും നായനാരെയും ഓര്‍ക്കുന്നത്?

നായനാര്‍

മിക്കവാറും ആളുകള്‍ ഇ.എം.എസിന്റെ ഭൂപരിഷ്‌കരണ നിയമത്തെ പറ്റിയും അത് വഴി കേരളത്തില്‍ ജന്മിത്വം അവസാനിപ്പിച്ചതിനെ പറ്റിയും പറയും. നായനാരെ പറ്റി എന്ത് പറയും. മിക്കവര്‍ക്കും ഒന്നും ഓര്‍മ വരില്ല. അങ്ങനെയാണ് ചരിത്രം. ചരിത്രം മനുഷ്യരെ ഓര്‍ക്കുന്നത് അവരെത്ര കാലം ഭരിച്ചു എന്നോ, ഭരിച്ച കാലത്ത് അവര്‍ക്ക് എത്ര ജനപ്രീതി ഉണ്ടായിരുന്നെന്നോ എന്നൊന്നും നോക്കിയല്ല, മറിച്ചു, അവരെന്തു ചെയ്തെന്ന് നോക്കിയാണ്. അതറിയാവുന്നത് കൊണ്ടാണ് ചരിത്രം എപ്പോഴും സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നത്. എന്തൊക്കെ ചെയ്താലും നൂറോ ഇരുന്നൂറോ കൊല്ലം കഴിഞ്ഞാല്‍ ചരിത്രം അപ്പോഴും ഗാന്ധി ഘാതകര്‍ അവരാണെന്നു പറയും. സവര്‍ക്കറുടെ മാപ്പപേക്ഷയും ഗാന്ധിവധ വിചാരണ സമയത്ത് സവര്‍ക്കര്‍ കോടതിയിലിരിക്കുന്ന ഫോട്ടോയും അപ്പോഴും ഇന്റര്‍നെറ്റിലോ അല്ലെങ്കില്‍ അന്നുള്ള ഏതെങ്കിലും സംവിധാനത്തിലോ കാണും. അതാണവരുടെ വിധി.

ഗുജറാത്ത് കലാപം

 

ചരിത്രം മനുഷ്യരെ ഓര്‍ക്കുന്നത് അവരെത്ര കാലം ഭരിച്ചു എന്നോ, ഭരിച്ച കാലത്ത് അവര്‍ക്ക് എത്ര ജനപ്രീതി ഉണ്ടായിരുന്നെന്നോ എന്നൊന്നും നോക്കിയല്ല, മറിച്ചു, അവരെന്തു ചെയ്തെന്ന് നോക്കിയാണ്. അതറിയാവുന്നത് കൊണ്ടാണ് ചരിത്രം എപ്പോഴും സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നത്.

 

മറ്റൊരു ചോദ്യം ചോദിക്കാം. അമ്പതു കൊല്ലം കൂടി നിങ്ങള്‍ ജീവിക്കുന്നു എന്ന് വിചാരിക്കുക. ഒരുപാട് പ്രധാനമന്ത്രിമാരൊക്കെ അതിനിടക്ക് വന്നു പോയിട്ടുണ്ടാവും. മന്‍മോഹന്‍ സിങ്ങിനെ അന്നും ഇക്കണോമിക് റീഫോമര്‍ എന്ന പേരില്‍ നിങ്ങള്‍ ഓര്‍ക്കും, ഇന്ദിര ഗാന്ധിയെ ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലും കാര്‍ഷിക വിപ്ലവത്തിന്റെ പേരിലും, നെഹ്റുവിനെ ആധുനിക ഇന്ത്യയുടെ ശില്‍പി എന്ന പേരിലും. അന്ന് നിങ്ങള്‍ മോദിയെ എങ്ങനെയായിരിക്കും ഓര്‍മിക്കുക. ഉത്തരം ഞാന്‍ തന്നെ പറയാം, ഗുജറാത്ത് കലാപം , നോട്ട് നിരോധനം. നൂറു കൊല്ലം, കഴിഞ്ഞാലോ, ഗുജറാത്ത് കലാപം മാത്രം. ഇരുന്നൂറു കൊല്ലം കഴിഞ്ഞാലോ, അപ്പോഴും ഗുജറാത്ത് കലാപം മാത്രം. അതാണ് മോദിയുടെ ചരിത്രം. അതറിയാവുന്നത് കൊണ്ടാണ് ബി.ബി.സി ഡോക്യൂമെന്റററി വരുമ്പോഴും എമ്പുരാന്‍ വരുമ്പോളും മോദി അനുകൂലികള്‍ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുന്നത്. വിശദമായി മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്.

സിനിമക്കാരുടെയും പത്രക്കാരുടെയും നെഞ്ചത്ത് കയറാതെ ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപെടാം എന്നതാണ് മോദിയും അനുയായികളും ഇനി ചിന്തിക്കേണ്ടത്. ആര്‍.എസ്.എസ് നിശ്ചയിച്ച പ്രായപരിധി പ്രകാരം ഈ ഒക്ടോബറില്‍ മോദിക്ക് 75 വയസ്സാകുകയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. ഇനി അഥവാ ഇളവ് കൊടുത്താലും രണ്ടോ മൂന്നോ കൊല്ലം കൂടി മാത്രം. അധികാരത്തിന്റെ അവസാനപാദത്തില്‍ എന്തെങ്കിലും ചെയ്ത് ചരിത്രത്തില്‍ ഒരു നല്ല പേര് ഉണ്ടാക്കാന്‍ ഇപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണം. ചരിത്രം ശാസ്ത്രമാണ് എന്നത് മാത്രമല്ല അത് ക്രൂരവും കൂടിയാണ്. അതിന് ദയയോ കാരുണ്യമോ ഇല്ല. പെട്രോള്‍ പമ്പില്‍ വച്ചിരിക്കുന്ന പടുകൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ അധികാരം പോയതിന്റെ പിറ്റേന്ന് എടുത്തു മാറ്റപ്പെടും. ഗുജറാത്ത് കലാപം മാത്രം ചരിത്രത്തില്‍ ബാക്കിയാവും.

ചെകുത്താനും മോഹന്‍ലാലും മാധ്യമങ്ങളും

ഏമ്പുരാനിലെ ചെകുത്താനെ പറ്റിയല്ല പറയുന്നത്, ചെകുത്താന്‍ എന്ന യുട്യുബറെ പറ്റിയാണ്, ശരിക്കുള്ള പേര് അജു അലക്‌സ്. വയനാട്ടിലെ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ അവിടെ സന്ദര്‍ശിച്ചതിനെ അതി രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ചെകുത്താന്‍ ഒരു വിഡീയോ ചെയ്തു. അതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമാക്കാര്‍ കേസ് കൊടുത്തു. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മാധ്യമങ്ങള്‍ പൊതുവെ അറസ്റ്റിനെ ന്യായീകരിച്ചു. ഏഷ്യാനെറ്റിലെ എല്ലാവരെയും പരിഹസിക്കുന്ന ഗം എന്ന ആക്ഷേപഹാസ്യ പരിപാടി ചെകുത്താന്റെ അറസ്റ്റിനെ ന്യായീകരിച്ചു ഒരു എപ്പിസോഡ് ചെയ്തു.

അഭിപ്രായം സ്വാതന്ത്യ്രം എന്ന കൊമ്പിലാണ് ചെകുത്താനും മോഹന്‍ലാലും ഗമ്മും ഫേസ്ബുക്കാരും റിവ്യൂക്കാരും നിരീക്ഷകരുമെല്ലാം ഇരിക്കുന്നത്. അത് മുറിയുന്നതോടെ എല്ലാവരും വീഴും. കൂട്ടത്തില്‍ ദുര്‍ബലര്‍ ആദ്യം വീഴുന്നത് കണ്ട് ശക്തര്‍ ചിരിക്കാതിരിക്കുന്നതാണ് ഉചിതം.

കുട്ടികളും എമ്പുരാനും.

കുട്ടികളെ കൂട്ടി എമ്പുരാന്‍ കാണാന്‍ പോകുന്നതില്‍ വലിയ റിസ്‌കുണ്ട്. ഒരു സംഭാഷണ ശകലം ഇവിടെ കൊടുക്കാം

എമ്പുരാന്‍ കണ്ടിറങ്ങിയ ശേഷം മുതിര്‍ന്നയാള്‍ കുട്ടിയോട് : സിനിമ എങ്ങനെയുണ്ട്.
കുട്ടി: തരക്കേടില്ല. സ്റ്റോറി അങ്ങോട്ട് സിങ്ക് ആവുന്നില്ല. ടൂ ലോങ്ങ്.
മുതിര്‍ന്നയാള്‍: ടെക്നിക്കലി പെര്‍ഫെക്റ്റ് അല്ലെ?
കുട്ടി: എന്ത് പെര്‍ഫെക്റ്റ്, ഞാന്‍ കളിക്കുന്ന വീഡിയോ ഗെയിമില്‍ ഇതിലും നല്ല ഗ്രാഫിക്‌സ് ആണ്.
മുതിര്‍ന്നയാള്‍: അതിന് എമ്പുരാന്‍ ഗ്രാഫിക്‌സ് അല്ല, ഒറിജിനല്‍ സെറ്റിട്ടത് ആണ്. 200 കോടിയാണ് ചെലവ്.
കുട്ടി: എന്തിന്?
മുതിര്‍ന്നയാള്‍: ഒറിജിനാലിറ്റി കിട്ടാന്‍. ആ ഹെലികോപ്റ്റര്‍ കണ്ടില്ലേ. അത് ശരിക്കും ഉണ്ടാക്കിയതാണെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.
കുട്ടി: അപ്പാച്ചെ ഹെലികോപ്റ്ററോ, അത് കോമഞ്ചേ സീരീസിലുണ്ടല്ലോ.
മുതിര്‍ന്നയാള്‍: അതെന്താ കൊമ്മഞ്ചേ സീരീസ് .
കുട്ടി: വീഡിയോ ഗെയിം. അതില്‍ ശരിക്കും ഒറിജിനല്‍ പോലെയുണ്ട്, എമ്പുരാനില്‍ ഡ്യൂപ്ലിക്കേറ്റ് പോലെയും. അവരെന്തിനാണ് സെറ്റിട്ടത് ?
മുതിര്‍ന്നയാള്‍: അത് പോട്ടെ. അവര്‍ എത്ര രാജ്യത്താണ് ഷൂട്ടിങ്ങിന് പോയത് എന്നറിയാമോ.
കുട്ടി: എന്തിന്, ഗ്രീന്‍സ്‌ക്രീന്‍ വച്ച ഷൂട്ട് ചെയ്ത് ഓരോ രാജ്യത്തിന്റെയും സ്റ്റോക്ക് വീഡിയോ കമ്പോസ്റ്റ് ചെയ്താല്‍ പോരെ. വെറുതെ കാശ് ചിലവാക്കണോ?
മുതിര്‍ന്നയാള്‍: അപ്പോള്‍ ഒറിജിനാലിറ്റി കിട്ടുമോ.
കുട്ടി: ഇപ്പൊ കണ്ടതിനേക്കാളും ഒറിജിനാലിറ്റി കിട്ടും. ഞാനൊരു സത്യം പറയട്ടെ, അവര്‍ ഒരു സ്ഥലത്തും പോയിട്ടില്ല, കംപ്ലീറ്റ് ഗ്രീന്‍ സ്‌ക്രീന്‍ ഷൂട്ടിംഗ് ആണ്.
മുതിര്‍ന്നയാള്‍: അതൊക്കെ പോട്ടെ, എമ്പുരാന്‍ ഷൂട്ടിങ്ങിനു വേണ്ടി ലണ്ടണ്‍ ട്യൂബ് നിര്‍ത്തിച്ചത് അറിയാമോ.
കുട്ടി: ലോള്‍. നിങ്ങളുടെ ജനറേഷന് തള്ളും സത്യവും തിരിച്ചറിയാനുള്ള കപ്പാസിറ്റി ഇല്ല.

ബജ്രംഗിയും ബല്‍ദേവും

സിനിമയില്‍ വില്ലന് ബജ്രംഗി എന്ന പേര് കൊടുത്തതിന് മാനനഷ്ടകേസ് കൊടുക്കാന്‍ സാധ്യതയുള്ള ഒരേയൊരാള്‍ ബാബു ബജ്രംഗിയാണ്. ഇദ്ദേഹമാണെങ്കില്‍ നരോദ പാട്യ കൂട്ടക്കൊലയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലും ജാമ്യത്തിലുമായി കഴിയുകയാണ്, അയാള്‍ സ്വയം കുറ്റം ഏറ്റു പറയുന്ന വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോഴും ഉണ്ട്. കൂട്ടകൊലക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് മാനമില്ലാത്തതു കൊണ്ട് അദ്ദേഹം മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ തള്ളിപോവാനാണ് സാധ്യത. ആ സ്ഥിതിക്ക് ബജ്രംഗി എന്ന പേര് മാറ്റി ബല്‍ദേവ് എന്നാക്കുന്നത് ആരെ പേടിച്ചാവും. ഒരു കൂട്ടക്കൊലക്കാരനെ വില്ലനായി ചിത്രീകരിക്കുന്നതില്‍ നോവുന്ന മലയാളികള്‍ ഉണ്ടാകുമോ ?

ബാബു ബജ്രംഗി

കലാകാരന്‍മാര്‍ സ്വയം സെന്‍സറിങ് തുണ്ടങ്ങുന്നിടത്ത് അഭിപ്രായ സ്വാതന്ത്ര്യം അവസാനിക്കുന്നു. ബോളിവുഡ് എങ്ങനെ അവസാനിച്ചു എന്ന് നമ്മള്‍ കണ്ടതാണ്. ബോളിവുഡ് നശിച്ചപ്പോള്‍ നല്ല സിനിമയെ സ്‌നേഹിച്ച ഇന്ത്യക്കാര്‍ കൂട്ടമായി വന്നതാണ് മലയാളം സിനിമ കാണാന്‍. അതും അവസാനിക്കുന്നതോടെ ഒരു കാലത്ത് ഇന്ത്യയുടെ സോഫ്റ്റ് പവര്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ സിനിമയുടെ തിരശീല വീഴും. പിന്നെ വല്ലപ്പോഴും ഇറങ്ങുന്ന പ്രോപഗണ്ട സിനിമകള്‍ മാത്രമായിരിക്കും ബാക്കി, അതാരും കാണാനും പോകുന്നില്ല.

കുനാലും ഇന്ത്യന്‍ കോമഡിയും

ഇന്ത്യന്‍ കോമഡിയുടെ കാര്യമാണിപ്പോള്‍ വലിയ കോമഡി. കോമേഡിയന്മാര്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും തല്ല് ഉറപ്പാണ്. രണ്‍വീര്‍ അല്ലഹാബാദിയ ഒരു കോമഡി പറഞ്ഞു ഇപ്പോള്‍ കോടതിയും പോലീസ് സ്റ്റേഷനും ജയിലുമൊക്കെയായി നടക്കുകയാണ്. കുനാല്‍ കമ്ര മറ്റൊരു കോമഡി പറഞ്ഞതിന് വേദി മുഴുവന്‍ ശിവസേനക്കാര്‍ തല്ലി പൊളിച്ചു. ഇപ്പോള്‍ വളരെ കുറച്ചു വേദികളെ കോമഡിയന്മാര്‍ക്ക് കിട്ടാറുള്ളൂ, കിട്ടുന്ന വേദികളില്‍ തന്നെ ഇന്നയിന്ന കോമഡി മാത്രമേ പറയാവൂ എന്നും ഇന്നയിന്ന കോമഡികള്‍ പറയാന്‍ പാടില്ല എന്നും എഴുതിയ വലിയൊരു ലിസ്റ്റ് സംഘടകര്‍ കോമേഡിയന്മാര്‍ക്ക് കൊടുക്കും. അത് പഠിച്ചു പേടിച്ചു പേടിച്ചു കോമഡി പറയുന്ന കോമേഡിയന്മാരുടെ കാര്യമാണ് കോമഡി.

കുനാല്‍ കമ്ര

കുല്‍ദീപ് നയ്യാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, അഭിപ്രായ സ്വതന്ത്രമല്ല വേണ്ടത്, അഭിപ്രായത്തിന് ശേഷമുള്ള സ്വതന്ത്ര്യമാണെന്ന്. ഇന്ത്യയിലെ കലാകാരന്‍മാര്‍ ഒന്നടക്കം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതാണ്, അഭിപ്രായത്തിന് ശേഷമുള്ള സ്വാതന്ത്ര്യം .

Content Highlight:  Farooq wrote an article in Doolnews about Gujarat riots relates empuran

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ