മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. ചിത്രത്തിലെ ചില ഭാഗങ്ങളെച്ചൊല്ലി സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന വിവാദങ്ങളൊന്നും എമ്പുരാന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ തെല്ലും ബാധിക്കുന്നില്ല. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.
ഇന്‍ഡസ്ട്രി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കിങ്ങാണ് എമ്പുരാന്റേത്. ചിത്രം കണ്ട എല്ലാവരും എടുത്തുപറയുന്ന ഒന്നാണ് സുജിത് വാസുദേവിന്റെ ഛായാഗ്രഹണം. ഹോളിവുഡ് സ്‌റ്റൈല്‍ ഫ്രെയിമുകളാണ് എമ്പുരാനായ സുജിത് ഒരുക്കിയത്. എന്നാല്‍ ആദ്യദിനം എമ്പുരാന്റെ ക്രൂവിനൊപ്പം ആദ്യ ഷോ കണ്ടപ്പോള്‍ വിഷമമായെന്ന് പറയുകയാണ് സുജിത് വാസുദേവ്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ ആദ്യ ഷോ ആരാധകര്‍ക്കൊപ്പമിരുന്ന് എറണാകുളം കവിത തിയേറ്ററില്‍ നിന്നായിരുന്നു കണ്ടത്. മോശം പ്രൊജക്ഷനും മോശം സൗണ്ട് സിസ്റ്റവും കാരണം സിനിമയിലെ പല ഫ്രെയിമുകളുടെയും ഭംഗി ആര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചില്ലെന്ന് സുജിത് പറഞ്ഞു.
ഓരോ തിയേറ്ററിന് വേണ്ടിയും പ്രത്യേകം ഫോര്‍മാറ്റ് അയക്കാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച സ്‌ട്രോക്കുള്ള പ്രിന്റാണ് എല്ലാ തിയേറ്ററിലേക്കും വിതരണം ചെയ്തതെന്നും സുജിത് വാസുദേവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കവിത തിയേറ്ററിലിരുന്ന് സിനിമ കണ്ടപ്പോള്‍ സൗണ്ടും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും വിഷ്വല്‍ കാണാന്‍ സാധിച്ചില്ലെന്നും സുജിത് പറയുന്നു. ഇത്രയും വലിയൊരു സിനിമ ചെയ്ത് തിയേറ്ററില്‍ ചെന്നപ്പോള്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥ തന്നെ വിഷമിപ്പിച്ചെന്നും സുജിത് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സുജിത് വാസുദേവ്.
‘ലാല്‍ സാറും ബാക്കി ക്രൂ മെമ്പേഴ്‌സുമെല്ലാം കവിതയില്‍ ഫാന്‍സിന്റെ കൂടെയിരുന്നാണ് പടം കണ്ടത്. പക്ഷേ, സ്‌ക്രീനിന് ക്ലാരിറ്റിയുമില്ല, സൗണ്ടിന് ക്ലിയറുമില്ല എന്ന അവസ്ഥയായിരുന്നു ആ തിയേറ്ററില്‍. പല സീനുകളുടെയും ഭംഗി ആസ്വദിക്കാന്‍ സാധിച്ചില്ല. ഓരോ തിയേറ്ററിന് വേണ്ടിയും സെപ്പറേറ്റ് ഔട്ട് നമുക്ക് കൊടുക്കാന്‍ സാധിക്കില്ലല്ലോ.
കവിതയില്‍ ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ രണ്ട് സ്‌ട്രോക്ക് കൂട്ടിയിട്ടുള്ള പ്രിന്റ് കൊടുത്തേനെ. നമ്മള്‍ ഇത്രയും വലിയൊരു സിനിമ ചെയ്തിട്ട് അത് തിയേറ്ററിലെത്തുമ്പോള്‍ ഒന്നും കാണാനോ കേള്‍ക്കാനോ പറ്റില്ലെന്ന് അറിയുമ്പോള്‍ വിഷമം വരില്ലേ. കവിത സാബു, നിങ്ങള്‍ എത്രയും പെട്ടെന്ന് സ്‌ക്രീനിന് വേണ്ടി നല്ലൊരു പ്രൊജക്ടര്‍ വാങ്ങിച്ച് വെക്കണമെന്നേ എനിക്ക് പറയാനുള്ളൂ,’ സുജിത് വാസുദേവ് പറയുന്നു.
Content Highlight: Sujith Vasudev about the first show experience of Empuraan movie