Entertainment
ഇന്ന് കള്‍ട്ടായി കണക്കാക്കുന്ന കമല്‍ ഹാസന്‍ ചിത്രം; അന്നത് ഒരു റിസ്‌ക്കായിരുന്നു: മാധവന്‍

2003ല്‍ സുന്ദര്‍ സി. സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് അന്‍പേ ശിവം. കമല്‍ ഹാസന്റെ തിരക്കഥക്ക് മദനനായിരുന്നു സംഭാഷങ്ങള്‍ തയ്യാറാക്കിയത്. ചിത്രത്തില്‍ കമല്‍ ഹാസന്‍, ആര്‍. മാധവന്‍, കിരണ്‍ റത്തോഡ് എന്നിവരും നാസര്‍, സന്താന ഭാരതി, സീമ, ഉമ റിയാസ് ഖാന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

കമ്മ്യൂണിസം, നിരീശ്വരവാദം, പരോപകാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു അന്‍പേ ശിവം. നല്ലശിവം എന്ന കഥാപാത്രമായി കമല്‍ ഹാസന്‍ എത്തിയപ്പോള്‍ അന്‍പരശനായി അഭിനയിച്ചത് മാധവനായിരുന്നു.

ഇപ്പോള്‍ അന്‍പേ ശിവം സിനിമയെ കുറിച്ച് പറയുകയാണ് മാധവന്‍. അന്‍പേ ശിവം സിനിമയെ ഇപ്പോള്‍ കള്‍ട്ട് സിനിമയായിട്ടാണ് കാണുന്നതെന്നും എന്നാല്‍ ആ ചിത്രം ഒരു റിസ്‌ക്കാണെന്ന് അന്നേ അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

‘ഞാന്‍ സിനിമ ചെയ്യുന്നത് സത്യത്തില്‍ ഗോ വിത്ത് ഫ്‌ളോ എന്ന രീതിയിലാണ്. അന്‍പേ ശിവം സിനിമ റിലീസായിട്ട് എത്ര വര്‍ഷമായി. ഇപ്പോള്‍ അതൊരു കള്‍ട്ട് സിനിമയായിട്ടാണ് കാണുന്നത്. അതിലെ ഓരോ ഡയലോഗുകളും ഇന്ന് ആളുകള്‍ പറയുന്നുണ്ട്.

എന്നാല്‍ അതൊരു സ്‌പെഷ്യലായ സിനിമയാണെന്ന് കരുതിയല്ല ചെയ്തത്. അത്തരം ചിന്ത ശരിക്കും പാടില്ല. സ്‌പെഷ്യലായ സിനിമയാണെന്നും വളരെ സ്‌പെഷ്യലായ സ്റ്റോറി ആണെന്നും കരുതി ചെയ്താല്‍ അതിന്റെ ഫലം എപ്പോള്‍ കിട്ടുമെന്ന ചിന്തയാകും.

അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല. ചിലപ്പോള്‍ വളരെ പെട്ടെന്നാകും ചില സിനിമകളുടെ ഫലം നമുക്ക് ലഭിക്കുക. റിലീസിന് മുമ്പേ തന്നെ ആ സിനിമ ഹിറ്റാകുമെന്ന് മനസിലാകും. അന്‍പേ ശിവം ഒരു റിസ്‌ക്കാണെന്ന് അന്നേ അറിയാമായിരുന്നു,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan Talks About Kamal Haasan’s Anbe Sivam Movie