2023ല്‍ തിയേറ്ററുകളില്‍ വീണ്ടും പ്രകമ്പനം സൃഷ്ടിച്ച ചിത്രമായിരുന്നു സ്ഫടികം. 1995ല്‍ റിലീസായ ചിത്രം 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്തുകൊണ്ടായിരുന്നു റിലീസ് ചെയ്തത്. ആടുതോമയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചതിന്റെ ആവേശം ആരാധകര്‍ക്ക് വാനോളം ഉണ്ടായിരുന്നു. റീ റിലീസ് ചെയ്ത സ്ഫടികം നാല് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.
ആരാധകരെ വീണ്ടും സന്തോഷത്തിലാക്കിക്കൊണ്ട് മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതനാണ് റീ റിലീസിനൊരുങ്ങുന്നത്. ഇറങ്ങിയ സമയത്ത് ബോക്‌സ് ഓഫീസില്‍ പരാജയമായ ചിത്രം കൊവിഡ് കാലഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കഥയാണെന്നും, അന്നത്തെ കാലത്തെ പ്രേക്ഷകര്‍ക്ക് സിനിമ ദഹിക്കാതെ പോയതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സംവിധായകന്‍ സിബി മലയില്‍ ദേവദൂതന്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും റിലീസ് ചെയ്യാനുള്ള പ്ലാനുണ്ടെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് സിബി പുറത്തുവിട്ടു. ‘ദേവദൂതന്‍ എഡിറ്റ് ചെയ്ത റീമാസ്റ്റര്‍ വേര്‍ഷന്‍ അറ്റ്‌മോസ് മിക്‌സിങിന് തയാറായിക്കഴിഞ്ഞു’ എന്ന് സിബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ ചിത്രം എന്ന് റിലീസാകുമെന്ന് അറിയിച്ചിട്ടില്ല. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു അമാനുഷിക സന്ദര്‍ഭവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ചിത്രം പറഞ്ഞത്. വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതമായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
ഇന്നും സിനിമയിലെ ഗാനങ്ങള്‍ക്ക് ആരാധകരേറെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞെന്നാണ് സിനിമയിലെ പാട്ടുകളെക്കുറിച്ചുള്ള അഭിപ്രായം. സെവന്‍ ബെല്‍സിന്റെ സംഗീതവും നിഖില്‍ മഹേശ്വറിന്റെയും അലീനയുടെയും പ്രണയവും 4കെ ദൃശ്യമികവില്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Devadoothan 4k version update shared by Sibi Malayil