കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന കേന്ദ്ര വാഗ്ദാനം കടലാസിൽ; നോട്ടീസ് അയക്കുന്നത് തുടർന്ന് ദൽഹി പൊലീസ്
national news
കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന കേന്ദ്ര വാഗ്ദാനം കടലാസിൽ; നോട്ടീസ് അയക്കുന്നത് തുടർന്ന് ദൽഹി പൊലീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 6:58 pm

 

ന്യൂദൽഹി: 2021ൽ സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ വാഗ്ദാനം കാറ്റിൽ പറത്തി ഇപ്പോഴും കർഷകർക്ക് ദൽഹി പൊലീസിൽ നിന്ന് നോട്ടീസ് ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദൽഹിയിൽ കർഷകർ നടത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് ഈ കേസുകൾ പിൻവലിക്കണമെന്നതാണ്.

2021 ഡിസംബർ ഒമ്പതിന് അന്നത്തെ കാർഷിക മന്ത്രാലയ സെക്രട്ടറിയായിരുന്ന സഞ്ജയ് അഗർവാൾ യുണൈറ്റഡ് കിസാൻ മോർച്ചക്ക് അയച്ച കത്തിൽ കർഷക സമരം അവസാനിപ്പിക്കുന്നതിന് സർക്കാരും കർഷകരും അംഗീകരിച്ച വ്യവസ്ഥകളിലൊന്ന് കേസുകൾ പിൻവലിക്കുന്നതാണെന്ന് പരാമർശിച്ചിരുന്നു.

ന്യൂസ്‌ലോൻഡറി ഫയൽ ചെയ്ത വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ 2020 നവംബർ 26നും 2021 ഡിസംബർ ഒമ്പതിനുമിടയിൽ കർഷകർക്കെതിരെ 42 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി ദൽഹി പൊലീസ് പറഞ്ഞു. 201 പേരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസ് പോലും പിൻവലിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നോ കാർഷിക മന്ത്രാലയത്തിൽ നിന്നോ കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

കഴിഞ്ഞ വർഷം നവംബർ 22ന് ഹരിയാന സ്വദേശിയും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ വീരേന്ദ്ര സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ലഭിച്ചിരുന്നു.

ഇതേവർഷം നവംബറിൽ തന്നെ കൊളംബിയയിലെ അന്താരാഷ്ട്ര കർഷക സമ്മേളനത്തിൽ പങ്കെടുക്കുവാൻ ദൽഹി എയർപോർട്ടിൽ എത്തിയ ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി യുദ് വീർ സിങ്ങിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു.

കർഷക സമരവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നോട്ടീസുകൾ ഒന്നും നൽകിയിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

പിടികിട്ടാപ്പുള്ളികൾക്കെതിരെ പുറത്തിറക്കുന്നതാണ് ലുക്ക് ഔട്ട് നോട്ടീസുകൾ. 2022ലും സമാനമായി നേപ്പാളിലെ കർഷക സമ്മേളനത്തിൽ പങ്കെടുക്കാൻ ദൽഹി എയർപോർട്ടിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് അർജുൻ ബലിയാനെയും തടഞ്ഞിരുന്നു.

2021 ലെ കർഷക സമരത്തിൽ വിവിധ സംസ്ഥാനങ്ങളിലായി കർഷകർക്കെതിരെ ചുമത്തിയ 86 കേസുകൾ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമ്മതിച്ചതായി 2022 ഡിസംബറിൽ കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ എഴുതി തയ്യാറാക്കിയ മറുപടിയിൽ പറഞ്ഞിരുന്നു. അതേസമയം സംസ്ഥാന അടിസ്ഥാനത്തിൽ കേസുകളുടെ വിശദാംശങ്ങൾ അദ്ദേഹം നൽകിയിരുന്നില്ല.

അതേസമയം ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം കർഷകർക്കെതിരെ 8000ത്തിലധികം കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

Content Highlight: Despite promise to drop farm protest FIRs, notices to many, RTI suggests no such order to Delhi cops