ടെല്‍അവീവ്: തുടര്‍ച്ചയായ എട്ടാം ദിവസവും സര്‍ക്കാരിനെതിരായുള്ള പ്രതിഷേധം ശക്തമാക്കി ഇസ്രഈല്‍ ജനത. ഗസയില്‍ ബന്ദികളായിട്ടുള്ള ഇസ്രഈല്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം.
കഴിഞ്ഞ ആഴ്ച ഗസയില്‍ വെച്ച് ആറ് ഇസ്രഈല്‍ ബന്ദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇസ്രഈല്‍ ജനതയുടെ പ്രതിഷേധം രൂക്ഷമായത്. ലക്ഷക്കണക്കിന് ഇസ്രഈലികളാണ് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്താകമാനം പ്രതിഷേധിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ പൊലീസുമായും ഏറ്റുമുട്ടി.
ജെറുസലേം, ഹൈഹ തുടങ്ങി നെതന്യാഹുവിന്റെ വസതിക്കടുത്തും പ്രതിഷേധക്കാര്‍ അണിനിരന്നിരുന്നു. ടെല്‍അവീവില്‍ തന്നെ അരലക്ഷത്തിലധികം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പ്രതിഷേധത്തില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയാത്ത സാഹചര്യമാണുള്ളത്. പ്രതിഷേധത്തില്‍ കൂടുതല്‍ ആളുകളോട് അണിചേരാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബിഗിന്‍ സ്ട്രീറ്റ് കത്തിക്കല്‍ തുടങ്ങിയ സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രതിഷേധക്കാര്‍ക്കെതിരെ പൊലിസ് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്ച മുതല്‍ ഇസ്രഈലില്‍ സമ്പൂര്‍ണ പണിമുടക്കിനും ഹിസ്റ്റ്രഡ് ട്രേഡ് യൂണിയന്‍ തലവന്‍ അര്‍നോണ്‍ ബാര്‍ ഡേവിഡ് ആഹ്വാനം ചെയ്തിരുന്നു.
ബന്ദികളെ വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികളൊന്നും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നാണ് യൂണിയന്‍ തലവന്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയ പരിഗണനകള്‍ കാരണം കരാറുകളൊന്നും പുരോഗമിക്കുന്നില്ലെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ബന്ദികളുടെ മരണത്തിന് കാരണം ഇസ്രഈല്‍ തന്നെയാണെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന്റെ ഉത്തരവാദികള്‍ ഇസ്രഈല്‍ തന്നെയാണെന്നും ഹമാസ് ഉദ്യോഗസ്ഥന്‍ സാമി അബു സുഹരി പറയുന്നു.
അതേസമയം ഗസ അതിര്‍ത്തിയില്‍ സൈന്യത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള വെടിനിര്‍ത്തല്‍ കരാറിനെതിരെ ഇസ്രഈല്‍ ധനമന്ത്രി സ്മോട്രിച്ച് രംഗത്തെത്തിയിരുന്നു. ഈ തീരുമാനം ഹമാസിനെ നശിപ്പിക്കാനും തടവുകാരെ മോചിപ്പിക്കാനുമുള്ള നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Content Highlight: demonstration against Netanyahu in the streets of isreal demanding release for the eighth consecutive day