ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകര്യ വിവരം ആണെന്നും ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത് കാണണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും വാദിച്ച് ദൽഹി യൂണിവേഴ്സിറ്റി.
പ്രധാനമന്ത്രി മോദി ഉൾപ്പടെ 1978ൽ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാർത്ഥികളുടെയും രേഖകൾ പരിശോധിക്കാൻ അനുമതി നൽകുന്ന 2016 ഡിസംബർ 21ലെ കേന്ദ്ര വിവരാവകാശ കമ്മീഷൻ (സി.ഐ.സി) ഉത്തരവിനെതിരെയാണ് ദൽഹി സർവകലാശാല രംഗത്തെത്തിയിരിക്കുന്നത്. 2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
സി.ഐ.സിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സച്ചിൻ ദത്തയുടെ മുമ്പാകെ ദൽഹി സർവകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദം ഉന്നയിച്ചു. വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) ഒരു വസ്തുതയുടെ വെളിപ്പെടുത്തൽ ആവശ്യമാണ്. എന്നാൽ ആർക്കും ജിജ്ഞാസയുടെ പേരിൽ വിശദാംശങ്ങൾ ആവശ്യപ്പെടാൻ കഴിയില്ലെന്ന് തുഷാർ മേത്ത വാദിച്ചു.
വിദ്യാർത്ഥികളുടെ ബിരുദങ്ങളും മാർക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡി.യു. ആ വിവരങ്ങൾ വിശ്വാസ്യതയോടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഡി.യു.വിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മൂന്നാമതൊരാൾക്ക് ഒരു വ്യക്തിയുടെ വിശദാംശങ്ങൾ വേണമെന്ന് പറയാൻ കഴിയില്ല. പൊതുതാത്പര്യമുള്ളതല്ലെങ്കിൽ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്ത് വിടുന്നത് തടയാൻ സർവകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി കണക്കാക്കപ്പെടുന്നു. ആർ.ടി.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു,’ മേത്ത കോടതിയിൽ വാദിച്ചു.
പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ഗുജറാത്ത് സർവകലാശാലയോട് നിർദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2023 ലെ വിധിയെയും മേത്ത പരാമർശിച്ചു.
അതേസമയം, ഡി.യുവിൽ നിന്ന് വിവരങ്ങൾ തേടിയ ആർ.ടി.ഐ അപേക്ഷകനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ വിദ്യാഭ്യാസ യോഗ്യത പൊതു വിവരമായി കണക്കാക്കുകയും നോട്ടീസ്ബോർഡുകളിലും പത്രങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു.
‘ആളുകൾ തീരുമാനങ്ങൾ എടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവാഹ തീരുമാനങ്ങൾ പോലും അവർ ബിരുദധാരിയാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. അതിനാൽ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ അത് പുനഃപ്രസിദ്ധീകരിക്കുത് ഒരിക്കലും സ്വകാര്യ വിവരങ്ങളുടെ ചോർത്തൽ ആവില്ല,’ ഹെഗ്‌ഡെ പറഞ്ഞു.
Content Highlight: Delhi University to HC on Modi’s degree: Interest to public not same as public interest