ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വരുത്തി സുപ്രീം കോടതി. ആഴ്ചയില്‍ രണ്ട് തവണ സി.ബി.ഐ.യുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഓഫീസുകളില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ഇളവ് വരുത്തിയത്.
ദല്‍ഹി എക്‌സൈസ് നയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒമ്പതിന് സിസോദിയയുടെ ജാമ്യവ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥകളാണ് കോടതി ഇളവ് വരുത്തിയത്.
സി.ബി.ഐയുടെയും ഇ.ഡിയുടെയും കേസുകളില്‍ ഇത് ബാധകമാണെന്നും അതേസമയം വിചാരണ കോടതി നടപടികളില്‍ പതിവിനനുസൃതമായി തന്നെ പങ്കെടുക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
സിസോദിയ ജാമ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി 60 തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിട്ടുണ്ടെന്ന് നവംബര്‍ 22ന് നടന്ന വാദത്തില്‍ സിസോദിയയുടെ അഭിഭാഷകന്‍ അഭിഷേക് സ്വിങ്‌വി കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് വരുത്തിയത്.
2021-22 ലെ ദല്‍ഹി എക്‌സൈസ് നയത്തില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിന്നാലെ മാര്‍ച്ച് ഒമ്പതിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 28 നാണ് കുറ്റാരോപിതനായതിനെ തുടര്‍ന്ന് അദ്ദേഹം ദല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.
2021-22 വര്‍ഷത്തേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്. അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താന്‍ ആദ്യഘട്ടം മുതല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ദല്‍ഹി മദ്യനയ കേസില്‍ 17 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് സിസോദിയ ജയില്‍ മോചിതനായത്. ഇത്രയും കാലയളവില്‍ ജയിലിലടക്കുന്നത് മൗലികാവകാശത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.