അഖുന്ദ്ജി മസ്ജിദ് തകർത്തിടത്ത് നമസ്കാരത്തിന് അനുമതി നൽകണം; ആവശ്യം തള്ളി ദൽഹി ഹൈക്കോടതി
India
അഖുന്ദ്ജി മസ്ജിദ് തകർത്തിടത്ത് നമസ്കാരത്തിന് അനുമതി നൽകണം; ആവശ്യം തള്ളി ദൽഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 2:45 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ വികസന അതോറിറ്റി അടുത്തിടെ പൊളിച്ച 600 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ നമസ്‌കാരം അനുവദിക്കണമെന്ന ആവശ്യം തള്ളി ദല്‍ഹി ഹൈക്കോടതി. ദല്‍ഹി മെഹ്‌റോളിയിലെ അഖുന്ദ്ജി മസ്ജിദാണ് ജനുവരി 30ന് ഡി.ഡി.എയുടെ നേതൃത്വത്തില്‍ തകര്‍ത്തത്.

ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് ഹരജി തള്ളിയത്. റമദാന്‍ വ്രതം ആരംഭിച്ചതിനാല്‍ മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 11 പെരുന്നാള്‍ നമസ്‌കാര ദിവസം വരെ പള്ളി നിലനിന്നിരുന്ന സ്ഥലത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.

പള്ളിക്കകത്തെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം അടുത്തിടെ കോടതി തള്ളിയിരുന്നു. അതിനാല്‍ പുതിയ ആവശ്യവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്താന്‍ കോടതി ഡി.ഡി.എയോട് നിര്‍ദേശിച്ചിരുന്നു. ഭൂമി കയ്യേറിയതാണെന്നും സ്ഥലം ദല്‍ഹി വികസന അതോറിറ്റിയുടേതാണെന്നും ആരോപിച്ചാണ് പള്ളി തകര്‍ത്തത്. പള്ളി പൊളിക്കുന്നതിനിടെ സ്ഥലത്തെത്തിയ മസ്ജിദ് ഇമാമിന്റെ മൊബൈല്‍ ഫോണ്‍ അധികാരികള്‍ പിടിച്ചെടുത്തിരുന്നു.

നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാനാണ് ഫോണ്‍ പിടിച്ചെടുത്തത് എന്നാണ് അധികാരികള്‍ നല്‍കിയ വിശദീകരണം. പള്ളിയുടെ അകത്ത് ഉണ്ടായിരുന്ന ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പള്ളി കമ്മറ്റിക്കാര്‍ ആരോപിച്ചിരുന്നു.

അഖുന്ദ്ജി മസ്ജിദിനകത്തുള്ള ഖബറുകളും പൊലീസ് പൂര്‍ണ്ണമായും പൊളിച്ച് നീക്കിയിരുന്നു. പള്ളി പൊളിച്ചതിനെതിരെ ദല്‍ഹി ഹൈക്കോടതി അന്ന് രംഗത്തെത്തിയിരുന്നു. പള്ളി പൊളിക്കാന്‍ ആധാരമാക്കിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Content Highlight: delhi high court Rejects Plea To Offer Prayers demolished akhondji mosque