നിര്‍ഭയ കേസില്‍ കേന്ദ്രം സമര്‍പ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി; പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന് ആവശ്യം
national news
നിര്‍ഭയ കേസില്‍ കേന്ദ്രം സമര്‍പ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി; പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 8:50 pm

ന്യൂദല്‍ഹി: നിര്‍ഭയാ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ദില്ലി ഹൈക്കോടതി വിധി പറയുന്നതിനായി മാറ്റി. പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത നടപടിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്.

നിയമപരമായ നടപടികള്‍ പൂര്‍ത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതില്‍ തടസമില്ലെന്ന് മേത്ത വാദിച്ചു.

പ്രതികളെ തൂക്കികൊല്ലുന്നത് വൈകിപ്പിക്കുന്നതു വഴി നിയമനിര്‍മാണത്തെ നിരാശപ്പെടുത്തുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ പറഞ്ഞു.

‘നീതി നടപ്പാക്കുന്നതില്‍ താമസം വരാന്‍ പാടില്ല. വധശിക്ഷ ഒരിക്കലും വൈകാന്‍ പാടില്ല. പ്രതിയുടെ താത്പര്യം കണക്കിലെടുത്ത് വധശിക്ഷ വൈകിപ്പിക്കുന്നത് പ്രതികള്‍ക്ക് മനുഷ്യത്വരഹിതമായ സ്ഥിതിയുണ്ടാക്കും,’ മേത്ത പറഞ്ഞു.

ഇതുപോലുള്ള നരാധമന്മാര്‍ തെരുവിലറങ്ങി നടക്കുന്നത് കാരണം പെണ്‍കുട്ടികളെ അമ്മമാര്‍ പുറത്തുവിടുന്നില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.

ജനുവരിയിലാണ് നിര്‍ഭയക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്. എന്നാല്‍  പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ വധ ശിക്ഷ മാറ്റിവെച്ചിരിക്കുകയായിരുന്നു.  ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

2012 ഡിസംബര്‍ 16നായിരുന്നു പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.