ന്യൂദല്‍ഹി: യു.എ.പി.എ കേസില്‍ അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറി ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് ശര്‍മയാണ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്.
ന്യൂദല്‍ഹി: യു.എ.പി.എ കേസില്‍ അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറി ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് ശര്‍മയാണ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്.
ജസ്റ്റിസ് പ്രതിഭ. എം. സിങ്, ജസ്റ്റിസ് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.
എന്നാല്‍ ഹരജി മറ്റൊരു ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അമിത് ശര്‍മ നിര്‍ദേശം നല്‍കി. ജസ്റ്റിസ് അമിത് ശര്‍മ അംഗമല്ലാത്ത മറ്റൊരു ബെഞ്ചിന് മുന്നില്‍ ജൂലൈ 24ന് ഹരജി സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
2020 ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഖാലിദാണെന്നാണ് ദല്‍ഹി പൊലീസ് ആരോപിച്ചത്. അന്ന് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി ജെ.എന്‍.യുവിലെ നിരവധി വിദ്യാര്‍ത്ഥി നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തീവ്രവാദ വിരുദ്ധ നിയമം, യു.എ.പി.എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ദല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ 53 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മെയ് 28നും ജാമ്യം തേടിയുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.
2022 ഒക്ടോബര്‍ 18ന് ഹൈക്കോടതി ആദ്യ ജാമ്യാപേക്ഷ തള്ളിയത് ശരിവെക്കുകയും സിറ്റി പൊലീസിന്റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ഉത്തരവിടുകയും ചെയ്തു.
സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമായ കലാപങ്ങളായി രൂപാന്തരപ്പെട്ടുവെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതില്‍ ഗൂഢാലോചന നടന്നെന്നാണ് സാക്ഷി മൊഴികളില്‍ നിന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും കോടതി പറഞ്ഞു.
Content Highlight: Delhi HC judge recuses self from hearing bail plea of Umar Khalid in UAPA case