Advertisement
national news
ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പരാജയം; ബി.ജെ.പിക്ക് പഞ്ചാബിലും തിരിച്ചടി, മെരുങ്ങാനൊരുക്കമല്ലെന്ന് അകാലിദള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 13, 07:58 am
Thursday, 13th February 2020, 1:28 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ പരാജയം ബി.ജെ.പിയുടെ പഞ്ചാബ് പ്രതീക്ഷകളെയും തകര്‍ക്കുന്നു. പഞ്ചാബില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന ബി.ജെ.പി ആഗ്രഹത്തിന്റെ കടയ്ക്കലിലാണ് ഇപ്പോള്‍ കത്തിവീണിരിക്കുന്നത്.

നിലവില്‍ ബി.ജെ.പി മത്സരിക്കുന്ന സീറ്റുകളേക്കാള്‍ ഒരു സീറ്റ് പോലും ബിജെ.പിക്ക് അധികം നല്‍കാനാവില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ സഖ്യകക്ഷിയായ അകാലി ദള്‍. ബി.ജെ.പി നേതാക്കളും ഇപ്പോള്‍ സീറ്റ് കൂടുതല്‍ ചോദിക്കേണ്ട എന്ന നിലപാടിലാണ് എത്തിനില്‍ക്കുന്നതെന്ന് അകാലി ദള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നു.

പഞ്ചാബില്‍ കഴിഞ്ഞ തവണ ആകെയുള്ള 117 സീറ്റില്‍ 23 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. 117ല്‍ പകുതി സീറ്റുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.

പൗരത്വ നിയമത്തെ ചൊല്ലി അകാലിദളും ബി.ജെ.പിയും തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദല്‍ഹിയിലെ നാല് സിഖ് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ അകാലിദള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു.