ന്യൂദൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് പത്രികയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ സ്വത്തിൽ വൻ വർധനവ്. ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് സാഹിബ് സിങ് വർമ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 2019 ൽ 15.52 കോടിയായിരുന്നു. ഇത് 2025 ആയപ്പോൾ 115.63 കോടിയിലേക്ക് വർധിച്ചതായി കാണിക്കുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 15.52 കോടി ആയിരുന്നു. എന്നാൽ 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ ഇത് 115.63 കോടിയിലേക്ക് വർധിച്ചു.
77.89 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 12.19 കോടി രൂപ വിലമതിക്കുന്ന സ്ഥിരമായ സ്വത്തുക്കളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പർവേഷിൻറെ ഭാര്യയുടെ പേരിൽ 17.53 കോടിയുടെ ജംഗമ സ്വത്തുക്കളും 6.91 കോടിയുടെ സ്ഥിര സ്വത്തുക്കളുമുണ്ട്.
അതേസമയം ദൽഹിയിലെ വാത്മീകി ക്ഷേത്രത്തിൽ വോട്ടർമാർക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വർമക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തിരുന്നു. ന്യൂദൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് പർവേഷ് വർമ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറൽ ആയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.
അഭിഭാഷകനായ രജനിഷ് ഭാസ്‌കർ ആണ് പർവേഷ് വർമക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകൻ രജനിഷ് ഭാസ്‌കർ പങ്കുവെച്ച വീഡിയോകൾ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസർ കേസ് രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു.
എന്നാൽ, ക്ഷേത്രത്തിൽ ശുചീകരണത്തൊഴിലാളികളുടെ കാലിൽ ചെരുപ്പ് ഇട്ട് ആദരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരോപിക്കപ്പെടുന്നതുപോലെ പാദരക്ഷകൾ വിതരണം ചെയ്തില്ലെന്നുമാണ് പർവേഷിന്റെ വാദം
Content Highlight: Delhi Elections 2025: Affidavit reveals massive surge in Parvesh Verma’s assets