Advertisement
national news
ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; 24,000 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 07:06 am
Thursday, 3rd April 2025, 12:36 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ 24,000 അധ്യാപക, അനധ്യാപകരുടെ നിയമനങ്ങൾ റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ നടപടിയാണ് ശരിവെച്ചത്. കോടതി വിധിക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാളിലെ തൃണമൂല്‍ സര്‍ക്കാര്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2016ല്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

പ്രസ്തുത കമ്മീഷന്‍ നടത്തിയ 24,000 നിയമനങ്ങള്‍ ബംഗാളില്‍ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. പിന്നാലെയുണ്ടായ അഴിമതി ആരോപണങ്ങളില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

നിലവില്‍ ഈ നിയമനങ്ങളില്‍ ദുഷിച്ച രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചത്. നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസുകള്‍ കൈമാറുക എന്നതായിരിക്കും അടുത്ത നടപടി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗാള്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്ന 24,640 ഒഴിവുകളിലേക്ക് 23 ലക്ഷം ഉദ്യോഗസ്ഥര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. തുടര്‍ന്ന് 25,753 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുകയും ചെയ്തു.

പിന്നാലെ കൊൽക്കത്ത ഹൈക്കോടതി പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഉത്തരം രേഖപ്പെടുത്താത്തവര്‍ക്ക് പോലും നിയമനം നല്‍കി എന്നതടക്കമുള്ള വിവരങ്ങളാണ് കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ ശബളം തിരികെ അടയ്ക്കണമെന്ന് ഉത്തരവിട്ട കോടതി കമ്മീഷന്‍ നിയമനങ്ങളും റദ്ദാക്കി. പിന്നീട് സുപ്രീം കോടതിയിലെത്തിയ കേസില്‍ 2024 ഡിസംബര്‍ 19 മുതല്‍ വാദം ആരംഭിച്ചിരുന്നു.

Content Highlight: Setback for Bengal government; Supreme Court upholds cancellation of 24,000 teacher appointments