ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികനെയും വിശ്വാസികളെയും ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അപലപിച്ച് സീറോ മലബാർ സഭ. അക്രമികൾക്കെതിരെ നടപടി വേണമെന്ന് സഭ വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. ഏപ്രിൽ ഒന്നിനാണ് ജബൽപൂരിൽ വൈദികനും വിശ്വാസികളും ആക്രമണത്തിനിരയായത്.
ഉത്തരേന്ത്യയിൽ വ്യാപകമായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരെ തുടരെ ഉണ്ടായിട്ടുണ്ടെന്നും അതിനെ അപലപിക്കുന്നുവെന്നും ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു.
‘ഉത്തരേന്ത്യയിൽ വ്യാപകമായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരെ തുടരെ ഉണ്ടായിട്ടുണ്ട്. അത് തുടയറുന്നുണ്ട്. അതിനെ ശക്തമായി അപലപിക്കുന്നു. അതുപോലെ തന്നെ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാരും അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകളും നിയമ പരിരക്ഷ ഉറപ്പാക്കണം. ന്യൂനപക്ഷങ്ങളുടെ മേൽ കടന്നുകയറാൻ ആരെയും അനുവദിക്കരുത്. വിശ്വാസം സംരക്ഷിക്കാൻ വേണ്ടിയുള്ള സാഹചര്യങ്ങൾ ഒരുക്കിത്തരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,’ ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഇതുവരെയും കാര്യമായ നടപടിയെടുത്തിട്ടില്ല. പരാതി നൽകുകയും മൊഴിയെടുപ്പ് പൂർത്തിയാവുകയും ചെയ്തിട്ടും ഇതുവരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും നടപടിയെടുക്കാത്തതിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
മധ്യപ്രദേശിലെ ജബൽപൂർ അതിരൂപതയുടെ വികാരി ജനറലായ ഫാദർ ഡേവിസ് ജോർജിനും രൂപത പ്രൊക്യുറേറ്ററായ ഫാദർ ജോർജ് തോമസിനും വിശ്വാസികൾക്കുമാണ് മർദനമേറ്റത്.
ഏപ്രിൽ ഒന്ന് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. മാണ്ട്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ തീർത്ഥാടകർ 2025 ജൂബിലിയുടെ ഭാഗമായി ജബൽപൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീർത്ഥാടനം നടത്തുകയായിരുന്നു. എന്നാൽ, ബജ്‌റംഗ്ദൾ സംഘം അവരെ തടഞ്ഞുനിർത്തി അവർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും അവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അവരെ വിട്ടയച്ചെങ്കിലും, വീണ്ടും മറ്റൊരു പള്ളിയിൽ തടഞ്ഞുനിർത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ജബൽപൂർ വികാരി ജനറൽ ഫാദർ ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജും സഹായത്തിനായെത്തിയത്.
എന്നാൽ അവിടെയെത്തിയ പുരോഹിതന്മാർക്കും മർദനമേറ്റു. ഒടുവിൽ പൊലീസ് ഇടപെട്ട്, വൈകുന്നേരം അഞ്ച് മണിയോടെ പുരോഹിതന്മാരെയും തീർത്ഥാടകരെയും മോചിപ്പിച്ച് മാണ്ട്‌ലയിലേക്ക് തിരികെ കൊണ്ടുപോയി.
Content Highlight: Syro-Malabar Church condemns attack on Malayali priest and devotees by Bajra Angadal activists in Jabalpur, Madhya Pradesh