എമ്പുരാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് മലയാളത്തിലേക്ക് ഒരു ഗംഭീര എന്‍ട്രി നടത്തിയിരിക്കുകയാണ് നടന്‍ കാര്‍ത്തികേയ ദേവ.
കലാപത്തില്‍ തന്റെ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട സയിദ് മസൂദിന്റെ നിസ്സഹായാവസ്ഥ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി സ്‌ക്രീനിലെത്തിക്കാന്‍ കാര്‍ത്തികേയയ്ക്ക് സാധിച്ചു.
സലാര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒരു ഗംഭീര തുടക്കം നടത്തിയ കാര്‍ത്തികേയയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി സയിദ് മസൂദ് മാറുമെന്നതിലും സംശയമില്ല.
എമ്പുരാന്‍ ഷൂട്ടിങ്ങിനെ കുറിച്ചും കലാപ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമൊക്കെ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കാര്‍ത്തികേയ ദേവ.
പൃഥ്വിരാജിനെപ്പോലൊരാള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍, ലാലേട്ടനെ പോലെ ഒരു ലെജന്റ് അഭിനയിക്കുന്ന സിനിമയില്‍ അവസരം വരുമ്പോള്‍ ഒരാളും അത് വേണ്ടെന്ന് വെക്കുമെന്ന് തോന്നുന്നില്ലെന്ന് കാര്‍ത്തികേയ പറയുന്്‌നു.
‘എമ്പുരാനെ കുറിച്ച് പൃഥ്വി സാര്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞിരുന്നു. സിനിമയുടെ കാതലായ ഭാഗത്തിലാണ് ഞാന്‍ വരുന്നതെന്ന് ആദ്യം തന്നെ പൃഥ്വിരാജ് സാര്‍ പറഞ്ഞിരുന്നു.
ഇതാണ് ആ സിനിമയുടെ മൂഡെന്ന് പറഞ്ഞു. ഗുജറാത്തില്‍ സിനിമയുടെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ആ മുറിയിലുണ്ടായിരുന്ന എല്ലാ അഭിനേതാക്കളേയും അദ്ദേഹം അടുത്തുവിളിച്ചു.
ഇതാണ് നമ്മള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത്, ഇതാണ് തുടക്കം, ഇങ്ങനെയാണ് അവസാനം, ഇതൊക്കെയാണ് അവിടെ സംഭവിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും കോര്‍ പോയിന്റ് എന്ന് പറയുന്നത് ഈ ഭാഗമാണ്.
എനിക്ക് നിങ്ങള്‍ എല്ലാവരില്‍ നിന്നും ഏറ്റവും മികച്ചത് തന്നെ വേണമെന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്റെ കഥാപാത്രത്തെ കുറിച്ചും എന്റെ അച്ഛന്‍ മസൂദിന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞു തന്നു.
അവര്‍ എങ്ങനെയൊക്കെയാണ് പെരുമാറുക തുടങ്ങിയ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ചിലതൊക്കെ അഭിനയിച്ചു കാണിച്ചു തന്നു,’ കാര്‍ത്തികേയ പറയുന്നു.
മലയാളം സിനിമകള്‍ ഇതിന് മുന്‍പും കാണാറുണ്ടെന്നും മലയാളം സിനിമയാണെങ്കില്‍ അതൊരു നല്ല സിനിമയാകുമെന്ന ബോധ്യം എന്നും തനിക്കുണ്ടായിരുന്നെന്നും കാര്‍ത്തികേയ പറയുന്നു.
എമ്പുരാനില്‍ കാസ്റ്റ് ചെയ്തതിന് ശേഷം കൂടുതല്‍ മലയാള സിനിമകള്‍ കാണാന്‍ തുടങ്ങിയെന്നും നടന്മാരുടെ പെര്‍ഫോമന്‍സും കഥയുമെല്ലാം മലയാള സിനിമയില്‍ വ്യത്യസ്തമായിരിക്കുമെന്നും കാര്‍ത്തികേയ പറയുന്നു.
Content Highlight: Actor karthikeya Deva about Empuraan and Gujarath Sequence