ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. നിലവില്‍ ക്ലബ്ബ് ലെവലില്‍ ഇന്റര്‍ മയാമിയിലാണ് താരം കളിക്കുന്നത്. നിലവില്‍ ഫുട്‌ബോള്‍ കരിയറില്‍ അര്‍ജന്റൈന്‍ നായകന്‍ 858 ഗോളുകള്‍ നേടിയാണ് മുന്നേറുന്നത്.
എന്നാല്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മെസി 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ബൂട്ട് കെട്ടുമോ എന്നാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ഒന്നും താരം ഇതുവരെ പറഞ്ഞിട്ടില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്ന് പോകുന്ന മെസി വിരമിക്കുന്നതിനെക്കുറിച്ചും ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.
ഇപ്പോള്‍ മെസിയേക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ ദീര്‍ഘകാല സുഹൃത്തും നിലവിലെ ഇന്റര്‍ മയാമി സഹതാരവുമായ ലൂയിസ് സുവാരസ്. വിരമിക്കലിനെക്കുറിച്ചുള്ള മെസിയുടെ മനോഭാവത്തെക്കുറിച്ച് അടുത്തിടെ ഒവാസിയോണിനോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മെസിക്ക് 2026ലെ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്നും അര്‍ജന്റൈന്‍ നായകന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സുവാരസ് പറഞ്ഞു.
‘വിരമിക്കണോ? ലയണല്‍ മെസിക്ക് 2026 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കൊപ്പം കളിക്കാനുള്ള ആഗ്രഹമുണ്ട്. വിരമിക്കലിനെക്കുറിച്ച് ഞാനും മെസിയും തമാശ രൂപേണ സംസാരിച്ചിരുന്നു, പക്ഷേ അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹം ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കരിയറിന്റെ അവസാന സമയത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രയാസമാണ്. എന്ത് തന്നെയാണെങ്കിലും ഒരു ഫുട്‌ബോള്‍ താരമാണ് അദ്ദേഹം, മെസിക്ക് തയ്യാറെടുക്കേണ്ടതുണ്ട്,’ സുവാരസ് പറഞ്ഞു.
നിലവില്‍ എം.എല്‍.എസിന്റെ പുതിയ സീസണില്‍ ഇതുവരെ പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയ മെസി വമ്പന്‍ വിജയക്കുതിപ്പിലാണ്. പോയിന്റ് ടേബിളില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും നേടി നാലാം സ്ഥാനത്താണ് മയാമി. കഴിഞ്ഞ ദിവസം എം.എല്‍.എസില്‍ ചിക്കാഗോയോട് നടന്ന മത്സരത്തില്‍ ഇരു കൂട്ടര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെയാണ് പിരിഞ്ഞത്.
Content Highlight: Luis Suarez Talking About Lionel Messi’s Retirement In Football