Advertisement
Sports News
300 റണ്‍സ് മറ്റുള്ളവര്‍ ഞങ്ങളുടെ മേല്‍ വെച്ച പ്രതീക്ഷ; തുറന്ന് പറഞ്ഞ് ഹൈദരാബാദ് ബൗളിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 03, 06:40 am
Thursday, 3rd April 2025, 12:10 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഇരു ടീമുകളും നോട്ടമിടുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ ആദ്യമായി ഈ സീസണില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

മൂന്ന് മത്സരങ്ങളില്‍ ഒരു ജയവുമായാണ് രഹാനെയുടെ സംഘം ഹോം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും അവസാന മത്സരത്തില്‍ മുംബൈയോടും കൊല്‍ക്കത്തന്‍ സംഘം തോറ്റിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, തുടര്‍ച്ചായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് സണ്‍റൈസേഴ്സ് നാലാം മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തില്‍ വലിയ സ്‌കോര്‍ ഉയര്‍ത്തി വിജയിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. തോല്‍വികളില്‍ നിന്ന് കരകയറാന്‍ തന്നെയാണ് ഓറഞ്ച് ആര്‍മിയുടെ ലക്ഷ്യം.

മത്സരത്തിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് ഹൈദരാബാദ് ബൗളിങ് കോച്ച് റയാന്‍ കുക്ക്. ഹൈദരാബാദ് അഗ്രസ്സീവായി കളിക്കാന്‍ കഴിയുന്ന അനുയോജ്യമായ ടീമാണെന്നും 300 റണ്‍സെന്നത് മറ്റുള്ളവര്‍ക്ക് തങ്ങള്‍ക്ക് മേല്‍ വെച്ച പ്രതീക്ഷയാണെന്നും കുക്ക് പറഞ്ഞു. ഒരു പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുന്നതെന്നും അത് തങ്ങളുടെ ഒരു ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റയാന്‍ കുക്ക്.

‘ഞങ്ങളുടേത് അഗ്രസ്സീവായി കളിക്കാന്‍ അനുയോജ്യമായ ടീമാണ്. പക്ഷേ ഞങ്ങള്‍ 300 റണ്‍സെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നില്ല. അത് മറ്റുള്ളവര്‍ ഞങ്ങളുടെ മേലില്‍ വെച്ച പ്രതീക്ഷയാണ്.

ഞങ്ങള്‍ ഒരു പോസിറ്റീവ് ക്രിക്കറ്റ് ബ്രാന്‍ഡ് കളിക്കാനാണ് ശ്രമിക്കുന്നത്. അത് ഞങ്ങളുടെ ഒരു ശക്തിയാണ്. ആ ശക്തിയെ ഇരട്ടിയാക്കാനാണ് ഞങ്ങളുടെ ശ്രമം,’ റയാന്‍ കുക്ക് പറഞ്ഞു.

തുടര്‍ച്ചയായ തോല്‍വികളെ കുറിച്ചും കുക്ക് സംസാരിച്ചു. കളിയില്‍ തോല്‍വികള്‍ ഉണ്ടാകുമെന്നും അവ ചിലപ്പോള്‍ തുടര്‍ച്ചയായി വരുമെന്നും അദ്ദേഹം പറഞ്ഞു.

‘കളിയില്‍ തീര്‍ച്ചയായും തോല്‍വികള്‍ ഉണ്ടാകും. ചിലപ്പോള്‍ അവ തുടര്‍ച്ചയായി വരും. ചിലപ്പോള്‍ അവ ഒന്നിനുപുറകെ ഒന്നായി വരും,’ കുക്ക് പറഞ്ഞു.

Content Highlight: IPL 2025: SRH vs KKR: Sunrisers Hyderabad Bowling Coach Ryan Cook Says 300 Runs Is Other’s Expectation On Them